പേടിഎം ഐപിഒ വരുന്നു: രാജ്യത്തെ എക്കാലത്തെയും ഏറ്റവും വലിയ ഓഹരി വിൽപ്പന, പേടിഎം ഐപിഒ എങ്ങനെയാകും
സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ വിജയ് ശേഖർ ശർമയുടെ നേതൃത്വത്തിൽ, പേടിഎം കഴിഞ്ഞ ഒരു വർഷമായി വരുമാനം വർദ്ധിപ്പിക്കുന്നതിനും സേവനങ്ങളുടെ വിപുലീകരണത്തിലൂടെ ധനസമ്പാദനം നടത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് സേവനദാതാക്കളായ പേടിഎം, ഈ വർഷം അവസാനം പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ കമ്പനി ഏകദേശം 21,800 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്നു. രാജ്യത്തെ എക്കാലത്തെയും വലിയ വിപണി അരങ്ങേറ്റമായിരുക്കും ഇതെന്നാണ് റിപ്പോർട്ടുകൾ.
പേടിഎമ്മിന്റെ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ മൂല്യം ഏകദേശം 25 ബില്യൺ മുതൽ 30 ബില്യൺ ഡോളർ വരെയാണ്. ഐപിഒ സംബന്ധിച്ച നടപടികൾ ഔദ്യോഗികമായി അംഗീകരിക്കുന്നതിന് ഈ വെള്ളിയാഴ്ച യോഗം ചേരാൻ വൺ 97 ബോർഡ് പദ്ധതിയിടുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഐപിഒ സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ കമ്പനി ഇതുവരെ തയ്യാറായിട്ടില്ല.
പേടിഎമ്മിന്റെ പ്രാഥമിക ഓഹരി വിൽപ്പന വിജയിക്കുകയാണെങ്കിൽ, അത് കോൾ ഇന്ത്യ ലിമിറ്റഡ് ഐപിഒയെ മറികടക്കും. രാജ്യത്തെ ഏറ്റവും വലിയ ഐപിഒയായിരുന്നു കോൾ ഇന്ത്യയുടേത്. 2010 ൽ 15,000 കോടി രൂപയുടേതായിരുന്നു കോൾ ഇന്ത്യ ഐപിഒ.
വിജയ് ശേഖർ ശർമയുടെ പ്രതികരണം
പേടിഎമ്മിന്റെ ഓഫർ പ്രാവർത്തികമാക്കുന്നതിനായി ഷോർട്ട് ലിസ്റ്റ് ചെയ്ത ബാങ്കുകളിൽ മോർഗൻ സ്റ്റാൻലി, സിറ്റിഗ്രൂപ്പ്, ജെപി മോർഗൻ ചേസ് & കമ്പനി എന്നിവർ ഉൾപ്പെടുന്നു. മോർഗൻ സ്റ്റാൻലിയായാരിക്കും മുഖ്യമായി പരിഗണിക്കപ്പെടുകയെന്ന് റിപ്പോർട്ടുകൾ. ജൂൺ അവസാനമോ ജൂലൈ ആദ്യമോ ഈ പ്രക്രിയയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ വിജയ് ശേഖർ ശർമയുടെ നേതൃത്വത്തിൽ, പേടിഎം കഴിഞ്ഞ ഒരു വർഷമായി വരുമാനം വർദ്ധിപ്പിക്കുന്നതിനും സേവനങ്ങളുടെ വിപുലീകരണത്തിലൂടെ ധനസമ്പാദനം നടത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് ഡിജിറ്റൽ പേയ്മെന്റുകൾക്കപ്പുറം ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ്, ധനകാര്യ സേവനങ്ങൾ വെൽത്ത് മാനേജ്മെന്റ്, ഡിജിറ്റൽ വാലറ്റുകൾ എന്നിവയിലേക്ക് സേവനം വിപുലീകരിക്കാൻ അവർക്ക് സഹായകരമായി.
പേടിഎമ്മിന് 20 ദശലക്ഷത്തിലധികം വ്യാപാര പങ്കാളികളുണ്ട്, അതിന്റെ ഉപയോക്താക്കൾ പ്രതിമാസം 1.4 ബില്യൺ ഇടപാടുകൾ നടത്തുന്നുവെന്ന് അടുത്തിടെയുള്ള കമ്പനിയുടെ ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കുന്നു.
പകർച്ചവ്യാധിയെ തുടർന്നുളള ചെലവാക്കലുകൾ ഡിജിറ്റൽ പേയ്മെന്റുകൾക്ക് പ്രചോദനമായതിനെത്തുടർന്ന് ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങൾ പേടിഎമ്മിന് എക്കാലത്തെയും മികച്ച പാദമാണ് സമ്മാനിച്ചതെന്ന് വിജയ് ശേഖർ ശർമ പറയുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona