ശ്രീലങ്കയുടെ വഴിയെ പാകിസ്ഥാനും; സാമ്പത്തിക തകർച്ചയുടെ വക്കിൽ
സാമ്പത്തിക തകർച്ചയുടെ വക്കിലാണ് പാക്കിസ്ഥാൻ. വിദേശനാണയ ശേഖരത്തിലെ കുറവും വിലക്കയറ്റവും പാകിസ്താനെ മറ്റൊരു ശ്രീലങ്കയാക്കി മാറ്റുന്നു.
വിദേശനാണയ ശേഖരത്തിലെ കുറവും വിലക്കയറ്റവും പാകിസ്ഥാനെ ശ്രീലങ്കയുടെ വഴിയിൽ നയിക്കുന്നു. പാകിസ്ഥാനിലെ കേന്ദ്ര ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ കേന്ദ്രസർക്കാരിന് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകി. വിദേശനാണ്യശേഖരം ഇടിയുന്നത് രാജ്യത്തിന്റെ ഇറക്കുമതിയെ ബാധിച്ചേക്കും എന്നാണ് മുന്നറിയിപ്പ്.
ഈവർഷം ജൂൺ 17 ലെ കണക്കു പ്രകാരം 8.24 ബില്യൺ അമേരിക്കൻ ഡോളറാണ് പാകിസ്ഥാനിലെ വിദേശനാണ്യശേഖരം. സമീപകാല ഭാവി നോക്കുമ്പോൾ രാജ്യത്തെ വിദേശനാണ്യശേഖരം ഇനിയും താഴേക്ക് പോകും എന്നാണ് വിലയിരുത്തൽ. വായ്പാ തിരിച്ചടവ് അടക്കമുള്ള പെയ്മെന്റുകളുടെ കാലമാണ് പാകിസ്താനിൽ ഇനി വരുന്നത്.
അത്യാവശ്യമല്ലാത്ത സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തണം എന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താൻ രാജ്യത്തെ സർക്കാരിന് നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം ഇന്ധന വില ഉയരുന്നതും രാജ്യത്തിന് വെല്ലുവിളിയാണ്. രാജ്യത്തെ ഊർജ്ജ സുരക്ഷയെ തന്നെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്.
Read Also : മൂന്നാഴ്ചയ്ക്കിടയിലെ ഉയർച്ചയിൽ രൂപ; ആറാഴ്ചയ്ക്കിടയിലെ താഴ്ചയിൽ ഡോളർ
അതിനാൽ തന്നെ പാകിസ്ഥാൻ ശ്രീലങ്കയുടെ പാതയിൽ ആണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ എല്ലാം കണക്കു കൂട്ടൽ. ഐക്യരാഷ്ട്രസഭയുടെ കണക്കുപ്രകാരം പാകിസ്ഥാന് 250 ബില്യൺ ഡോളറിന്റെ കടബാധ്യതയാണ് ഉള്ളത്.
അതേസമയം, യുഎസ് ഫെഡറൽ റിസർവിന്റെ പലിശനിരക്ക് വർദ്ധനയുടെ ആശങ്കകൾ ലഘൂകരിച്ച് ഇന്ത്യൻ രൂപ (Indian Rupee ഡോളറിനെതിരെ മൂന്നാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. വ്യാഴാഴ്ച യുഎസ് ഡോളറിനെതിരെ 79.7550 എന്ന നിലയിലായിരുന്നു രൂപയുടെ വിനിമയ നിരക്ക്. എന്നാൽ ഇന്ന് 79.3925 എന്ന ഉയർന്ന നിലയിലേക്ക് ഉയർന്നു. ജൂലൈ 11 ന് ശേഷമുള്ള ഉയർച്ചയാണ് ഇത്.
യുഎസ് ഫെഡറൽ പലിശ നിരക്ക് 100 ബേസിസ് പോയിന്റ് വർദ്ധിപ്പിക്കുമെന്ന വിപണിയുടെ ആശങ്കയ്ക്ക് വിരാമമിട്ടുകൊണ്ട് 75 ബേസിസ് പോയിന്റ് വർദ്ധനവ് മാത്രമാണ് ഉണ്ടായത്. മാത്രവുമല്ല ഈ ഉയർന്ന പലിശ നിരക്ക് ദീർഘ നാൾ തുടരുകയില്ലെന്ന് യുഎസ് ഫെഡറൽ വ്യക്തമാക്കിയത് വിപണികളെ ആശ്വസിപ്പിച്ചതായി വിദഗ്ധർ പറഞ്ഞു.
ട്രഷറി ആദായത്തിൽ കുത്തനെയുള്ള പിൻവാങ്ങലിനിടെ യെനിനെതിരെ ആറാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു ഡോളർ. ഇതോടെ മിക്ക ഏഷ്യൻ കറൻസികളും ഡോളറിനെതിരെ ഉയർന്നു.