Coronavirus variant : ആഗോള വിപണിയെ വിറപ്പിച്ച് പുതിയ കൊവിഡ് വകഭേദം, ലോകരാജ്യങ്ങൾ വീണ്ടും സമ്മർദ്ദത്തിലേക്ക്?
ദക്ഷിണാഫ്രിക്കയിൽ B.1.1.529 എന്ന പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയത് ഏഷ്യൻ വിപണിയിൽ ട്രാവൽ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളുടെ ഓഹരികൾ വിൽപ്പന സമ്മർദ്ദം നേരിടാൻ കാരണമായി
ദില്ലി: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ B.1.1.529 എന്ന പുതിയ കൊവിഡ് വകഭേദം ലോകരാജ്യങ്ങളെ വീണ്ടും സമ്മർദ്ദത്തിലാക്കി. അതിവേഗം മനുഷ്യകോശങ്ങളിലേക്ക് പ്രവേശിക്കുന്ന ഇവ ഇപ്പോൾ വികസിപ്പിച്ചെടുത്ത വാക്സീനുകളെ നേരിടുന്നതും വളരെ വേഗം മ്യൂട്ടേഷൻ സംഭവിക്കുന്നതുമായ വാർത്തകൾ അന്താരാഷ്ട്ര വിപണിയെ വിറപ്പിച്ചിരിക്കുകയാണ്.
ഇപ്പോഴും ഈ കൊവിഡ് വേരിയന്റിനെ കുറിച്ചുള്ള പഠനത്തിലാണ് ശാസ്ത്രജ്ഞർ. ഈ വകഭേദം പരിചരണം ലഭിക്കാത്ത എച്ച്ഐവി ബാധിതരിൽ ഒരാളിൽ നിന്നാണ് ആവിർഭവിച്ചതെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. ദക്ഷിണാഫ്രിക്കയിൽ 82 ലക്ഷം പേർ എയ്ഡ്സ് രോഗികളാണ്. ലോകത്ത് തന്നെ ഏറ്റവുമധികം എയ്ഡ്സ് രോഗികളുള്ള ഇടം കൂടിയാണ് ഇവിടം.
രണ്ട് ദിവസം മുൻപ് ഇവിടെ നടത്തിയ പിസിആർ ടെസ്റ്റുകളിൽ കൊവിഡ് സ്ഥിരീകരിക്കപ്പെട്ട 1100 പേരിൽ 90 ശതമാനം പേരിലും പുതിയ കൊവിഡ് വകഭേദമാണ് ഉള്ളതെന്നാണ് വിവരം. ജൊഹന്നാസ്ബർഗിലടക്കം സ്ഥിതി ഗുരുതരമാണ്. ഹോങ്കോങിലെത്തിയ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രക്കാരനും ഈ കൊവിഡ് വകഭേദം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് വിപണിയിൽ ഈ വാർത്ത വലിയ പ്രകമ്പനം സൃഷ്ടിച്ചു. ഏഷ്യൻ വിപണിയിൽ ട്രാവൽ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളുടെ ഓഹരികൾ വിൽപ്പന സമ്മർദ്ദം നേരിട്ടു. യെൻ ഡോളറിനെതിരെ ശക്തി പ്രാപിച്ചപ്പോൾ ദക്ഷിണാഫ്രിക്കൻ റാന്റ് ഒരു വർഷത്തെ ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്ക് താഴ്ന്നു. യുകെ ദക്ഷിണാഫ്രിക്കയടക്കം ആറ് രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കി. 14 ദിവസത്തിലേറെയായി ദക്ഷിണാഫ്രിക്കയിൽ കഴിഞ്ഞവരെ സിങ്കപ്പൂരും രാജ്യത്തേക്ക് കടക്കുന്നത് വിലക്കി. ഇന്ത്യയാകട്ടെ ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തി.