കടപത്ര വിപണിയില്‍ നിന്നും 45 കോടി ഡോളര്‍ സമാഹരിച്ച് മുത്തൂറ്റ് ഫിനാന്‍സ്
അമേരിക്കയില്‍ നിന്നും സമാഹരിച്ച പണം തുടര്‍ വായ്പകള്‍ അടക്കമുള്ള ആവശ്യങ്ങള്‍ക്ക് റിസര്‍വ് ബാങ്കിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി വിനിയോഗിക്കും.
കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വര്‍ണ വായ്പാ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് അന്താരാഷ്ട്ര കടപത്ര വിപണിയില്‍ നിന്ന് മൂന്നു വര്‍ഷ കാലാവധിയില്‍ 6.125 ശതമാനം നിരക്കില്‍ 45 കോടി ഡോളര്‍ (3,150 കോടി രൂപ) സമാഹരിച്ചു. യുഎസ്സില്‍ നിന്നും പണം സമാഹരിക്കാനുളള ചട്ടം 144എ/റെജ് എസ് രീതിയില്‍ സമാഹരണം നടത്തുന്ന ആദ്യ ഇന്ത്യന്‍ ബാങ്ക് ഇതര ധനകാര്യ സ്ഥാപനം (എന്‍ബിഎഫ്സി) കൂടിയാണ് മുത്തൂറ്റെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കി. ഏഷ്യയ്ക്കും യൂറോപ്പിനും പുറമെ അമേരിക്കന്‍ നിക്ഷേപകരുടെ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്താനുള്ള അവസരം കൂടിയാണ് ഇതിലൂടെ ധനകാര്യ സ്ഥാപനത്തിന് ലഭ്യമായിരിക്കുന്നത്.
അമേരിക്കയില്‍ നിന്നും സമാഹരിച്ച പണം തുടര്‍ വായ്പകള്‍ അടക്കമുള്ള ആവശ്യങ്ങള്‍ക്ക് റിസര്‍വ് ബാങ്കിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി വിനിയോഗിക്കും.
ഇതോടനുബന്ധിച്ച് സിംഗപ്പൂര്‍, ഹോങ്കോങ്, ലണ്ടന്‍, അമേരിക്ക എന്നിവിടങ്ങളില്‍ കമ്പനി റോഡ് ഷോകള്‍ നടത്തിയിരുന്നു. 6.375 ശതമാനം എന്ന നിലവാരത്തിലായിരുന്നു ഇതിന്റെ ആദ്യ വിലനിര്‍ണയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍. ഉന്നത നിലവാരമുള്ള നിക്ഷേപകരില്‍ നിന്നു ലഭിച്ച ശക്തമായ പ്രതികരണത്തെ തുടര്‍ന്ന് വില നിര്‍ണയം 25 അടിസ്ഥാന പോയിന്റുകള്‍ മെച്ചപ്പെടുത്തി 6.125 ശതമാനത്തിലേക്കു കൊണ്ടു വരാന്‍ കമ്പനിക്കു കഴിഞ്ഞതായും മുത്തൂറ്റ് ഫിനാന്‍സ് വ്യക്തമാക്കി.