ടിവിഎസ് കമ്പനിയിലെ മുഴുവൻ ഓഹരിയും മഹീന്ദ്ര ആന്റ് മഹീന്ദ്ര വിറ്റൊഴിവാക്കുന്നു
കഴിഞ്ഞ ആഴ്ചയാണ് കമ്പനിയുടെ പാദവാർഷിക ഫലം പുറത്ത് വന്നത്. 1292 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. 427 ശതമാനമായിരുന്നു കമ്പനിയുടെ ലാഭത്തിലുണ്ടായ വളർച്ച
മുംബൈ: ഓട്ടോമൊബൈൽ കമ്പനിയായ ടിവിഎസിലെ മുഴുവൻ ഓഹരിയും മഹീന്ദ്ര ആന്റ് മഹീന്ദ്ര ഒഴിവാക്കി. ടിവിഎസ് ഓട്ടോമൊബൈൽ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ 2.76 ശതമാനം ഓഹരിയാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര വിറ്റൊഴിവാക്കിയത്. 332195 ഓഹരികളാണ് മഹീന്ദ്ര കമ്പനിക്ക് ടിവിഎസിൽ ഉണ്ടായിരുന്നത്.
പത്ത് രൂപ മുഖവില ഉള്ളതായിരുന്നു ഈ ഓഹരികൾ. പത്ത് രൂപ മുഖവിലയുള്ള 100 കംപൽസറി കൺവേർട്ടിബിൾ പ്രിഫറൻസ് ഷെയറുകളും മഹീന്ദ്രയുടെ പക്കൽ ഉണ്ടായിരുന്നു. 2022 ജൂൺ 22 ഓടെ ഓഹരിയും ബാധ്യതകളും സ്ഥാനമാനങ്ങളും ഒഴിഞ്ഞ് ടിവിഎസും മഹീന്ദ്രയും വേർപിരിയും. ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് വരില്ലെന്ന് കഴിഞ്ഞ ദിവസം മഹീന്ദ്ര കമ്പനിയുടെ എക്സിക്യുട്ടീവ് ഡയറക്ടർ രാജേഷ് ജെജുരികർ പറഞ്ഞിരുന്നു. മറിച്ച് ഇലക്ട്രിക് കാറുകളും കമേഴ്സ്യൽ വാഹനങ്ങളും വികസിപ്പിച്ച് വിൽക്കാനാണ് കമ്പനി ശ്രമിക്കുകയെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് കമ്പനിയുടെ പാദവാർഷിക ഫലം പുറത്ത് വന്നത്. 1292 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. 427 ശതമാനമായിരുന്നു കമ്പനിയുടെ ലാഭത്തിലുണ്ടായ വളർച്ച. 17124 കോടി രൂപയായിരുന്നു കമ്പനിയുടെ ആകെ വരുമാനം. മുൻവർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 28 ശതമാനം വർധനവാണ് ഇക്കഴിഞ്ഞ മാർച്ച് അവസാനമായപ്പോഴേക്കും ഉണ്ടായത്.