'ഓ വേണ്ട' ഹോങ്കോങിന് ലണ്ടന്‍റെ മറുപടിയെത്തി !, സ്ഥാനമുയര്‍ത്താന്‍ ഇനിയും ഹോങ്കോങിന് കാത്തിരിക്കണം
ഹോങ്കോങിലെ ചൈനീസ് സര്‍ക്കാരിന്‍റെ ജനാധിപത്യ വിരുദ്ധ നടപടികളും ആശങ്ക വര്‍ധിപ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒടുവില്‍ ഹോങ്കോങിന്‍റെ 'ഓഫര്‍' ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് തളളി. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിനെ ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ഹോങ്കോങ് എക്സ്ചേഞ്ച് ആന്‍ഡ് ക്ലിയറിങ് നേരത്തെ നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നു.
ബാധ്യതകള്‍ ഉള്‍പ്പടെ ഏതാണ്ട് 3,900 കോടി ഡോളറിന് (2,76,900 കോടി രൂപയ്ക്ക് തുല്യം) ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിനെ തങ്ങളിലേക്ക് ലയിപ്പിക്കുന്ന നിര്‍ദ്ദേശമാണ് ഹോങ്കോങ് മുന്നോട്ടുവച്ചത്. ഈ നിര്‍ദ്ദേശം തള്ളിയ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് തുടര്‍ ചര്‍ച്ചകള്‍ക്ക് സാഹചര്യമില്ലെന്ന് വ്യക്തമാക്കി. ഹോങ്കോങ് സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ താല്‍പര്യത്തില്‍ അടിസ്ഥാനപരമായ ആശങ്കകള്‍ ഏറെയുണ്ടെന്നും ലണ്ടന്‍ ചൂണ്ടിക്കാട്ടി.
ഹോങ്കോങിന്‍റെ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഏറ്റെടുക്കാനുളള നടപടി ഫലം കണ്ടിരുന്നെങ്കില്‍ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ എക്സ്ചേഞ്ചായി ഇത് മാറിയേനെ. വിഷയത്തില്‍ ലണ്ടന്‍റെ സ്റ്റോക്കിന്‍റെ പൊടുന്നനെയുളള പ്രതികരണം ഹോങ്കോങ് എക്സ്ചേഞ്ചിനെ ഞെട്ടിച്ചിരിക്കുകയാണ്. ലയനം നടപ്പാകുമെന്ന പ്രതീക്ഷയിലായിരുന്നു ഹോങ്കോങ് എക്സ്ചേഞ്ച് അതികൃതര്‍. ലയനം നടപ്പായാല്‍ ഓഹരി വിപണികളുടെ പ്രവര്‍ത്തനം തന്നെ മാറിമറിയുമെന്ന് കഴിഞ്ഞ് ദിവസം ഹോങ്കോങ് എക്സ്ചേഞ്ച് സിഇഒ ചാള്‍സ് ലീ പ്രതികരിച്ചിരുന്നു.
ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചിനെ ഏറ്റെടുക്കാന്‍ മുന്‍പും ഏറെ ശ്രമങ്ങളുണ്ടായിട്ടുണ്ട്. ഡോയ്ചെ ബോര്‍ഡും ടൊറന്‍റോ സ്റ്റോക്കും നേരത്തെ ലണ്ടനെ ഏറ്റെടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. ഹോങ്കോങ് എക്സ്ചേഞ്ചിലെ ചൈനീസ് സ്വാധീനം കൂടുതലാണെന്നുള്ളതും എക്സ്ചേഞ്ചിന്‍റെ പ്രധാന പങ്കാളി ചൈനീസ് സര്‍ക്കാരാണെന്നുളളതും ലണ്ടന്‍റെ താല്‍പര്യക്കുറവിന് കാരണമായതായാണ് റിപ്പോര്‍ട്ടുകള്‍. ഹോങ്കോങിലെ ചൈനീസ് സര്‍ക്കാരിന്‍റെ ജനാധിപത്യ വിരുദ്ധ നടപടികളും ആശങ്ക വര്‍ധിപ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന സ്ഥാനം നേടാന്‍ ഏറെക്കാലമായി ഹോങ്കോങ് സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ഭാഗത്ത് നിന്നും ശ്രമങ്ങള്‍ തുടരുകയാണ്. നിലവില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ ആഗോള തലത്തില്‍ അഞ്ചാം സ്ഥാനമാണ് ഹോങ്കോങ് സ്റ്റേക്ക് എക്സ്ചേഞ്ചിനുളളത്. ആദ്യ സ്ഥാനം ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിനും രണ്ടാം സ്ഥാനം നാഡ്ഡാക്ക് എക്സ്ചേഞ്ചിനുമാണ്. മൂന്നാം സ്ഥാനം ജപ്പാന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിനും നാലാം സ്ഥാനം ഷാങ്ഹായ് സ്റ്റോക്ക് എക്സ്ചേഞ്ചിനുമാണ്.
മറുവശത്ത് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഡേറ്റാ പ്രൊവൈഡര്‍ സ്ഥാപനമായ റിഫിനിറ്റീവിനെ ഏറ്റെടുക്കാനുളള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇത് നടപ്പായാല്‍ ഹോങ്കോങ് എക്സ്ചേഞ്ചിനെക്കാള്‍ വലിയ സ്റ്റോക്ക് മാര്‍ക്കറ്റായി ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് മാറും. 2,700 കോടി ഡോളറിന്‍റെ ഈ ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്മാറാനുളള ബ്രിട്ടന്‍റെ ബ്രെക്സിറ്റ് നടപടികള്‍ പുരോഗമിക്കുന്നതിനിടെ പുറത്ത് വന്ന ലയന വാര്‍ത്തകള്‍ നിക്ഷേപകരുടെ ഇടയില്‍ ആശങ്ക വര്‍ധിക്കാനിടയാക്കിയിരുന്നു.