വായ്പദാതാക്കള്‍ എതിര്‍ത്തു: കാര്‍വി നിക്ഷേപ തട്ടിപ്പില്‍ തര്‍ക്കം കടുക്കുന്നു; എസ്എടിയുടെയും സെബിയുടെയും നിലപാടുകള്‍ നിര്‍ണായകം
സെബിയുടെ തീരുമാനത്തെ എതിർത്ത് എച്ച്ഡിഎഫ്സി ബാങ്കും ഐസിഐസിഐ ബാങ്കും എസ്എടിയെ സമീപിച്ചിട്ടുണ്ട്. പണയം വച്ച ഈ ഓഹരികളുടെ അടിസ്ഥാനത്തിൽ എച്ച്ഡിഎഫ്സി ബാങ്ക് കാർവിക്ക് 400 കോടി രൂപ വായ്പ നൽകിയിട്ടുണ്ട്.
കാർവി സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനി പണയം വച്ചിരിക്കുന്ന നിക്ഷേപ സെക്യൂരിറ്റികളുടെ കൈമാറ്റം നിർത്തിവയ്ക്കാന്‍ സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണൽ (എസ്എടി) ദേശീയ സെക്യൂരിറ്റീസ് ഡെപോസിറ്ററിക്ക് (എൻഎസ്‌ഡിഎൽ) നിർദ്ദേശം നൽകി. ട്രൈബ്യൂണലിന് മുന്‍പാകെ ബജാജ് ഫിനാന്‍സ് നല്‍കിയ ഹര്‍ജിയിലാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
കാര്‍വി വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി പണയം വച്ച ക്ലെന്‍റ് സെക്യൂരിറ്റികളിലെ നിക്ഷേപം തിരികെ നല്‍കാനുളള സെബിയുടെ തീരുമാനത്തിനെതിരെയാണ് ബജാജ് ഫിനാന്‍സ് ഹര്‍ജി നല്‍കിയത്. ഇതിന്‍റെ ഭാഗമായാണ് നിക്ഷേപ സെക്യൂരിറ്റികളുടെ കൈമാറ്റം എസ്എടി തടഞ്ഞത്. വായ്പ നൽകിയവരുടെ ആശങ്കകൾ ഡിസംബർ നാലിനകം കേൾക്കാനും ഡിസംബർ 10 നകം തീരുമാനം എടുക്കാനും ട്രിബ്യൂണൽ സെബിയോട് നിർദ്ദേശിച്ചു.
എൻഎസ്‌ഡിഎൽ ഡിസംബർ 2 ന് 83,000 ഉപഭോക്താക്കളുടേതായി 2,013.77 കോടി രൂപയുടെ മൂല്യമുളള സെക്യൂരിറ്റികളാണ് ഉപഭോക്താക്കള്‍ക്ക് കൈമാറിയത്. ആകെ 95,000 ത്തോളം ഉപഭോക്താക്കളെയാണ് കാര്‍വിയുടെ നടപടി നേരിട്ട് ബാധിച്ചത്. ശേഷിക്കുന്ന മിക്ക അക്കൗണ്ടുകളും കാർവി സ്റ്റോക്ക് ബ്രോക്കിംഗുമായി തർക്കത്തിലാണ്. ഇപ്പോഴുളള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ ശേഷിക്കുന്നവര്‍ക്കും അവരുടെ പണം / സെക്യൂരിറ്റികൾ തിരികെ ലഭിച്ചേക്കാം.
ബജാജിന്‍റെ വാദങ്ങള്‍ ദുര്‍ബലപ്പെടുമോ?
ക്ലയന്റ്, പ്രൊപ്രൈറ്ററി അക്കൗണ്ടുകൾ എന്നിവ വേർതിരിക്കണമെന്ന് സെബിയുടെ ജൂൺ സർക്കുലർ നിർബന്ധമാക്കിയതിന് ശേഷമാണ് ബജാജ് ഫിനാൻസ് 100 കോടി രൂപ കാര്‍വിക്ക് വായ്പ നൽകിയത്. ഉപഭോക്തൃ സെക്യൂരിറ്റികള്‍ പണയമായി സ്വീകരിച്ച് ധനകാര്യ സ്ഥാപനങ്ങൾക്ക് വായ്പ നൽകാൻ കഴിയില്ലെന്ന് ഈ സർക്കുലറിൽ വ്യക്തമാക്കുന്നു. കേസിൽ ബജാജ് ഫിനാൻസിന് ശക്തമായ അവകാശവാദമില്ലെന്നാണ് ഈ സര്‍ക്കുലര്‍ വ്യക്തമാക്കുന്നത്. ഇത് ബജാജിന്‍റെ വാദങ്ങളെ ദുര്‍ബലപ്പെടുത്തുന്നു.
എസ്എടിക്ക് ഇത്തരം പ്രശ്നങ്ങളില്‍ തീരുമാനമെടുക്കാന്‍ അധികാരമില്ലെന്നും ഇവ ഉയർന്ന കോടതികളില്‍ തീരുമാനമെടുക്കേണ്ട വിഷയമാണെന്നും പ്രമുഖ ദേശീയ മാധ്യമമായ മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാര്‍വി നിക്ഷേപ തട്ടിപ്പ് മറ്റൊരു നിഷ്കൃയ ആസ്തി പ്രതിസന്ധിയായി ബാങ്കുകളെ ബാധിക്കാന്‍ സാധ്യതയുളളതായി വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വരും ദിവസങ്ങളില്‍ വലിയ നിയമ പോരാട്ടങ്ങളിലേക്കാണ് ഈ പ്രതിസന്ധി നീങ്ങുന്നത്.
ലൈസന്‍സ് പോയ കാര്‍വി
സെബിയുടെ തീരുമാനത്തെ എതിർത്ത് എച്ച്ഡിഎഫ്സി ബാങ്കും ഐസിഐസിഐ ബാങ്കും എസ്എടിയെ സമീപിച്ചിട്ടുണ്ട്. പണയം വച്ച ഈ ഓഹരികളുടെ അടിസ്ഥാനത്തിൽ എച്ച്ഡിഎഫ്സി ബാങ്ക് കാർവിക്ക് 400 കോടി രൂപ വായ്പ നൽകിയിട്ടുണ്ട്. ഉപഭോക്തൃ അക്കൗണ്ടുകളിലേക്ക് മാറ്റിയ എല്ലാ സെക്യൂരിറ്റികളും ഉടനടി മരവിപ്പിക്കണമെന്ന് ബാങ്കുകളുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ബാങ്കുകളുടെ സമ്മതമില്ലാതെ പണയം വച്ച ഓഹരികൾ കൈമാറാൻ കഴിയില്ല. സെബിയുടെ ഡിസംബർ രണ്ടിലെ നടപടി മൂലം ബാങ്കുകൾ മുന്നോട്ട് പോകുന്നത് എല്ലാ ബ്രോക്കർമാരിൽ നിന്നും അധിക ജാമ്യം തേടേണ്ടിവരുമെന്നും അഭിഭാഷകൻ വാദിച്ചു.
കാര്‍വി സ്റ്റോക്ക് ബ്രോക്കിങ്ങിന്‍റെ ലൈസന്‍സ് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന് പിന്നാലെ മുംബൈ സ്റ്റോക്ക് എക്സചേഞ്ചും ഇന്നലെ റദ്ദാക്കിയിരുന്നു. ഇതോടെ ഓഹരി ദല്ലാളായിട്ടുളള കാര്‍വിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി മുടങ്ങി. എന്നാല്‍, ഡെറിവേറ്റീവ് വിഭാഗത്തില്‍ നിലവില്‍ പൂര്‍ത്തിയാക്കാനുളള ഇടപാടുകള്‍ നടത്താന്‍ കാര്‍വിക്ക് അനുമതിയുണ്ടാകും. മാനദണ്ഡങ്ങള്‍ കൃത്യമായി പാലക്കാതിരിക്കുന്നതിന്‍റെ പേരിലാണ് നടപടിയെന്ന് മുംബൈ സ്റ്റോക്ക് എക്സചേഞ്ചിന്‍റെ ഉത്തരവില്‍ പറയുന്നു.