Budget 2022 : കേരളത്തിലെ തേയിലത്തോട്ടം മേഖലയ്ക്ക് പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യം
സംസ്ഥാനത്ത് 104 തേയിലത്തോട്ടങ്ങളുണ്ട്. ഇതിൽ കൂടുതലും ഇടുക്കിയിൽ. 74 എണ്ണം. വയനാട്ടിൽ 24ഉം നെല്ലിയാമ്പതിയിലും തിരുവനന്തപുരത്തും 3 വീതവും തോട്ടങ്ങളുണ്ട്. പല തോട്ടങ്ങളും പ്രതിസന്ധിയിലാണ്.
സംസ്ഥാനത്തെ തേയിലത്തോട്ടം തൊഴിലാളികളുടെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര ബജറ്റിൽ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇടുക്കി എംപി ഡീൻ കുര്യാക്കോസ് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഭൂപേന്ദ്രയാദവിനെ നേരിൽ കണ്ടു കത്തു നൽകി. ധനമന്ത്രിക്കും മുന്നിലും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 104 തേയിലത്തോട്ടങ്ങളുണ്ട്. ഇതിൽ കൂടുതലും ഇടുക്കിയിൽ. 74 എണ്ണം. വയനാട്ടിൽ 24ഉം നെല്ലിയാമ്പതിയിലും തിരുവനന്തപുരത്തും 3 വീതവും തോട്ടങ്ങളുണ്ട്. പല തോട്ടങ്ങളും പ്രതിസന്ധിയിലാണ്. ഇടുക്കിയിലെ പീരുമേട്ടിലുള്ള 38 തേയിലത്തോട്ടങ്ങളിൽ 17 എണ്ണവും ഭാഗികമായി മാത്രമാണ് പ്രവർത്തിക്കുന്നത്. ചിലത് വർഷങ്ങളായി അടഞ്ഞു കിടക്കുന്നു. ഇവിടുത്തെ തൊഴിലാളികളുടെ ജീവിതം ഏറെ ദുരിത പൂർണ്ണമാണ്. ഏതു സമയത്തും ഇടിഞ്ഞു വീഴാവുന്ന ലയങ്ങളിൽ ജീവൻ കയ്യിൽ പിടിച്ച് അർധ പട്ടിണിയിലാണ് തൊഴിലാളികൾ കഴിയുന്നത്. കുടിവെള്ളം, സഞ്ചാര യോഗ്യമായ റോഡ് എന്നീ അടിസ്ഥാന സൌകര്യങ്ങളൊന്നും ഏർപ്പെടുത്താൻ മാനേജ്മെൻറിനു കഴിയുന്നില്ല.
എസ്റ്റേറ്റുകളിൽ നിലവിലുള്ള യന്ത്രസാമഗ്രികൾ മാറ്റി പുതിയവ സ്ഥാപിക്കണം. കഴിഞ്ഞ ബജറ്റിൽ അസമിനും പശ്ചിമ ബംഗാളിനും സർക്കാർ പ്രഖ്യാപിച്ച 1000 കോടിയുടെ മാതൃകയിൽ കേരളത്തിലെ തോട്ടം മേഖലയ്ക്കും പാക്കേജ് വേണമെന്നാണ് ആവശ്യം. ബജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകകമെന്നാണ് പ്രതീക്ഷയെന്നും ഡിൻ കുര്യാക്കോസ് പറഞ്ഞു.