42 വാഗണുകളിൽ നിറയെ ഉള്ളി, വില കുറക്കാൻ കാണ്ഡ എക്സ്പ്രസ് എത്തുന്നു, ദീപാവലി പൊള്ളില്ല, പ്രതീക്ഷയോടെ ദില്ലി
ദീപാവലിക്ക് മുന്നോടിയായി അവശ്യ സാധനങ്ങളുടെ വില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ഉള്ളിയുമായി നാസിക്കില്‍ നിന്ന് ട്രെയിന്‍ ദില്ലിയിലെത്തുന്നത്.
ദില്ലി: രാജ്യ തലസ്ഥാനത്ത് ഉള്ളിവില കത്തിക്കയറിയതോടെ മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് ഉള്ളിയുമായി പ്രത്യേക ട്രെയിൻ പുറപ്പെട്ടു. ‘കാണ്ഡ എക്‌സ്പ്രസിലാണ് 1600 ടൺ ഉള്ളി ദില്ലിയിലെത്തുന്നത്. സ്റ്റോക്ക് എത്തുന്നതോടെ വില കുറയുമെന്ന പ്രതീക്ഷയിലാണ് ദില്ലി നിവാസികൾ. കഴിഞ്ഞ ആഴ്ചകളായി ഉള്ളിക്കു വില കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് സർക്കാറിന്റെ ഇടപെടൽ. ഉത്തർപ്രദേശിലെ ലക്നൗ, വാരാണസി എന്നിവിടങ്ങളിലേക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, മണിപ്പുർ എന്നിവിടങ്ങളിലേക്കും ഉള്ളി ട്രെയിനുകളിൽ അയയ്ക്കുമെന്ന് ഉപഭോക്തൃകാര്യ സെക്രട്ടറി നിധി ഖാരെ പറഞ്ഞു.
ദില്ലിയിലെ ചില്ലറ വിപണിയിൽ ഉള്ളിക്ക് കിലോ 75 രൂപയായി ഉയർന്നു. ദീപാവലി ആഘോഷം അടുത്തതോടെ വില ഇനിയും വർധിക്കാമെന്ന കണക്കുകൂട്ടലിലാണ് ഉള്ളി എത്തിക്കുന്നത്. ട്രെയിൻ ദില്ലിയിൽ എത്തുന്നതോടെ വില കുറയുമെന്നാണു കേന്ദ്രസർക്കാരിന്റെ പ്രതീക്ഷ. 42 വാഗണുകളിൽ ഉള്ളി നിറച്ചാണ് ‘കാണ്ഡ എക്സ്പ്രസ്’ ദില്ലിയിൽ എത്തുന്നത്.
ലക്നൗ, വാരാണസി എന്നിവിടങ്ങളിലേക്കും അസം, നാഗാലാൻഡ്, മണിപ്പുർ ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും ഉള്ളി കയറ്റിയയക്കും. ദീപാവലിക്ക് മുന്നോടിയായി മൊബൈൽ ഔട്ട്‌ലറ്റുകൾ വഴിയും നാഷനൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ, നാഷനൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ എന്നിവ വഴിയും ഉള്ളി വിതരണം ചെയ്യുമെന്നും നിതി ഖാരെ കൂട്ടിച്ചേർത്തു. സർക്കാർ കണക്കുകൾ പ്രകാരം സെപ്റ്റംബറിൽ ഉള്ളി വിലയിൽ 66.1 ശതമാനം വർധനവാണുണ്ടായത്. ഉരുളക്കിഴങ്ങ്, തക്കാളി, ചെറിയ ഉള്ളി എന്നിവയുടെയും പച്ചക്കറിയുടെയും വില കുത്തനെ ഉയർന്നു.