ലോകത്ത് ഭയം പടരുന്നു, അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ പ്രഖ്യാപനത്തില്‍ വന്‍ സമ്മര്‍ദ്ദത്തിലേക്ക് നീങ്ങി വിപണികള്‍
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യാത്ര വിലക്ക് പ്രഖ്യാപനത്തെത്തുടർന്ന് ലോകമെമ്പാടുമുള്ള ഇക്വിറ്റികൾ കൂപ്പുകുത്തുകയായിരുന്നു.
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വ്യാപാര സമ്മര്‍ദ്ദം അതിശക്തമാണ്. രാവിലെ രണ്ട് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 50 10,000 മാര്‍ക്കിന് താഴേക്ക് വീണു. സെന്‍സെക്സിലും വലിയ തകര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിഎസ്ഇ സെന്‍സെക്സ് രാവിലെ 1,929.87 പോയിന്‍റ് ഇടിഞ്ഞ് 33,767.53 ലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നിഫ്റ്റി 50 583.35 പോയിന്‍റ് ഇടിഞ്ഞ് 9,875.05 ലാണിപ്പോള്‍ വ്യാപാരം മുന്നേറുന്നത്.
കൊറോണ വൈറസ് ബാധയെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതും അമേരിക്ക യൂറോപ്യന്‍ രാജ്യങ്ങളിലെ യാത്രികര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതുമാണ് പ്രധാനമായും ആഗോള വിപണിയിലും ഇന്ത്യന്‍ വിപണിയിലും സമ്മര്‍ദ്ദം വര്‍ധിക്കാന്‍ കാരണമായത്. Euro stoxx 50 ഫ്യൂച്ചേഴ്സ് 5.8 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2016 പകുതിക്ക് ശേഷമുളള ഏറ്റവും താഴ്ന്ന അവസ്ഥയിലാണിപ്പോള്‍ Euro stoxx 50. എസ് ആന്‍ഡ് പി 500 ഫ്യൂച്ചേഴ്സിലും വന്‍ വ്യാപാര ഇടിവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 4.7 ശതമാനത്തിന്‍റെ ഇടിവാണിപ്പോള്‍ എസ് ആന്‍ഡ് പി ഫ്യൂച്ചേഴ്സില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം 4.89 ശതമാനത്തിന്‍റെ ഇടിവാണ് എസ് ആന്‍ഡ് പി 500 കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.
ഏഷ്യൻ വിപണികളിലെ ഇക്വിറ്റികളും വ്യാപാര സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഇടിഞ്ഞു, എംഎസ്‌സിഐയുടെ ജപ്പാന് പുറത്തുള്ള ഏഷ്യ-പസഫിക് ഓഹരികളുടെ വിശാലമായ സൂചിക 2019 ന്റെ തുടക്കത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് (4.1 ശതമാനം) നഷ്ടപ്പെടുകയും ജപ്പാനിലെ നിക്കി 5.3 ശതമാനം ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു. ഓസ്‌ട്രേലിയയുടെ ബെഞ്ച്മാർക്ക് 7.4 ശതമാനം ഇടിഞ്ഞപ്പോൾ ദക്ഷിണ കൊറിയയുടെ കോസ്പി 4.6 ശതമാനം ഇടിഞ്ഞ് നാലര വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യാത്ര വിലക്ക് പ്രഖ്യാപനത്തെത്തുടർന്ന് ലോകമെമ്പാടുമുള്ള ഇക്വിറ്റികൾ കൂപ്പുകുത്തുകയായിരുന്നു. യുകെ ഒഴികെയുള്ള യൂറോപ്പിൽ നിന്ന് യുഎസ്സിലേക്കുളള എല്ലാ യാത്രകളും വെള്ളിയാഴ്ച മുതൽ 30 ദിവസത്തേക്ക് വിലക്കുന്നതായാണ് പ്രസിഡന്‍റ് ട്രംപ് പ്രഖ്യാപിച്ചത്. ഇതിനെത്തുടര്‍ന്ന് നിക്ഷേപ പ്രവര്‍ത്തനങ്ങളെല്ലാം സ്തംഭിപ്പിച്ചു, അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഭാഗത്ത് നിന്നും ലോകാരോഗ്യ സംഘടനയുടെ ഭാഗത്ത് നിന്നും ഉണ്ടായ പ്രഖ്യാപനങ്ങള്‍ ബിസിനസുകൾക്കും ലോക സമ്പദ്‌വ്യവസ്ഥയ്ക്കും കൂടുതൽ തടസ്സമുണ്ടാക്കുമെന്ന ഭയം ആഗോള തലത്തില്‍ വ്യാപിക്കാന്‍ ഇടയാക്കി. അതേസമയം, വ്യാപാരത്തെ നിയന്ത്രണങ്ങൾ ബാധിക്കില്ലെന്ന് ട്രംപ് പറഞ്ഞത് നേരിയ ആശ്വാസത്തിന് ഇടയാക്കി.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക