ചൈനീസ്, അമേരിക്കൻ വിപണികൾ ഇടിഞ്ഞു: രൂപയ്ക്ക് വീണ്ടും മൂല്യത്തകർച്ച; അമിത സമ്മർദ്ദത്തിൽ തളർന്ന് ക്രൂഡ് ഓയിൽ !
വ്യാഴാഴ്ച വ്യാപാരം അവസാനിച്ചപ്പോൾ ഡോളറിന് 76.07 എന്ന നിലയിലായിരുന്നു ഇന്ത്യൻ രൂപ.
കൊവിഡ് -19 നെ തുടർന്ന് ആഗോള ധനകാര്യ രംഗം കൂടുതൽ മോശമാകുന്നതായുളള റിപ്പോർട്ടുകൾ ആഭ്യന്തര ഓഹരി വിപണിയെ വ്യാപാര നഷ്ടത്തിലേക്ക് തള്ളിവിട്ടു. ഫ്രാങ്ക്ലിൻ ടെമ്പിൾട്ടൺ മ്യൂച്വൽ ഫണ്ടിന്റെ (എംഎഫ്) ആറ് ഡെബ്റ്റ് പദ്ധതികൾ അവസാനിപ്പിക്കാനുള്ള തീരുമാനവും ഇന്ത്യൻ വിപണിക്ക് പ്രതികൂലമായി.
സ്ഥിര വരുമാന മ്യൂച്വൽ ഫണ്ടുകളുടെ ഭൂരിഭാഗവും മികച്ച ക്രെഡിറ്റ് ക്വാളിറ്റി സെക്യൂരിറ്റികളിലാണ് നിക്ഷേപിച്ചിരിക്കുന്നതെന്നും സാധാരണ പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ സ്കീമുകൾക്ക് ഉചിതമായ ദ്രവ്യത ഉണ്ടെന്നും അതിനാൽ നിക്ഷേപകർ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം തുടരണമെന്നും അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഓഫ് ഇന്ത്യ (എഎംഎഫ്ഐ) നിക്ഷേപകരോട് അഭ്യർത്ഥിച്ചു. മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളെ സംബന്ധിച്ചുളള ആശങ്കകൾ വർധിച്ചതോടെയാണ് എഎംഎഫ്ഐ വിശദീകരണവുമായി മുന്നോട്ടുവന്നത്.
ബിഎസ്‌ഇ സെൻസെക്സ് 536 പോയിൻറ് അഥവാ 1.7 ശതമാനം കുറഞ്ഞ് 31,327.22 ലെവലിൽ അവസാനിച്ചു. എൻഎസ്‌ഇയുടെ നിഫ്റ്റി 159.5 പോയിൻറ് അഥവാ 1.7 ശതമാനം ഇടിഞ്ഞ് 9,154.40 ൽ അവസാനിച്ചു.
വ്യക്തിഗത ഓഹരികളിൽ ബജാജ് ഫിനാൻസ് (ഒമ്പത് ശതമാനം ഇടിവ്), ഇൻഡസ്ഇൻഡ് ബാങ്ക് (6.5 ശതമാനത്തിലധികം) എന്നിവയാണ് സെൻസെക്‌സിന്റെ ഏറ്റവും പിന്നിൽ. എച്ച്ഡിഎഫ്സി അഞ്ച് ശതമാനവും എച്ച്ഡിഎഫ്സി ബാങ്ക് രണ്ട് ശതമാനവും ഇടിഞ്ഞു. അതേസമയം, റിലയൻസ് ഇൻഡസ്ട്രീസ് (മൂന്ന് ശതമാനത്തിലധികം) മുന്നേറ്റം പ്രകടിപ്പിച്ചു.
പിടിച്ചുനിന്നത് ഫാർമ ഓഹരികൾ മാത്രം
നിഫ്റ്റി ഫാർമ ഒഴികെ, എൻഎസ്‌ഇയിലെ മറ്റെല്ലാ സൂചികകളും നഷ്ടത്തിൽ അവസാനിച്ചു. നിഫ്റ്റി ബാങ്ക് 3.36 ശതമാനം ഇടിഞ്ഞ് 19,587 ലെത്തി. നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക നാല് ശതമാനം ഇടിഞ്ഞ് 1,263 ലെത്തി. നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് സൂചിക നാല് ശതമാനം ഇടിഞ്ഞ് 9,432 ലെവലായി.
വിശാലമായ വിപണിയിൽ ബിഎസ്‌ഇ മിഡ്‌ക്യാപ് സൂചിക 1.77 ശതമാനം ഇടിഞ്ഞ് 11,464 ലെത്തി. ബിഎസ്‌ഇ സ്‌മോൾകാപ്പ് സൂചിക 15,5 പോയിൻറ് അഥവാ 1.4 ശതമാനം ഇടിഞ്ഞ് 10,634 ൽ അവസാനിച്ചു. ആഭ്യന്തര ഓഹരി വിപണിയിൽ വിറ്റൊഴിയൽ രൂക്ഷമായതിനെ തുടർന്ന് ഇന്ത്യൻ രൂപ മൂല്യം 38 പൈസ കുറഞ്ഞ് 76.45 എന്ന നിലയിലെത്തി വ്യാപാരം അവസാനിച്ചു. വ്യാഴാഴ്ച വ്യാപാരം അവസാനിച്ചപ്പോൾ ഡോളറിന് 76.07 എന്ന നിലയിലായിരുന്നു ഇന്ത്യൻ രൂപ.
കൊറോണ വൈറസ് പ്രതിസന്ധിയെത്തുടർന്ന് ഉൽപാദനത്തിൽ നിർത്തലാക്കുന്നത് പരാജയപ്പെട്ടതിനാൽ എണ്ണവില ഇടിഞ്ഞ് മൂന്നാമത്തെ പ്രതിവാര നഷ്ടത്തിലേക്ക് നീങ്ങി.
നിലവിൽ ബ്രെൻറ് ക്രൂഡിന്റെ നിരക്ക് 73 സെൻറ് അഥവാ 3.42 ശതമാനം ഇടിഞ്ഞ് 20.60 ഡോളറിലെത്തി. നേരത്തെ സെഷനിൽ നിരക്ക് ഉയർന്ന് 22.70 ഡോളർ വരെ എത്തിയിരുന്നു. വ്യാഴാഴ്ച നിരക്ക് അഞ്ച് ശതമാനം ഉയർന്നിരുന്നു. യുഎസ് ക്രൂഡ് (ഡബ്യൂടിഐ) 84 സെൻറ് അഥവാ 5.09 ശതമാനം ഇടിഞ്ഞ് ബാരലിന് 15.66 ഡോളറിലെത്തി. കഴിഞ്ഞ സെഷനിൽ ഇത് 20 ശതമാനം ഉയർന്നിരുന്നു.
ചൈനയിലും ഇടിവ് !
COVID-19 ചികിത്സിക്കുന്നതിനുള്ള മരുന്നുകളുടെ വികസനത്തിലെ പുരോഗതിയെക്കുറിച്ച് പുതിയ സൂചനകൾ ലഭ്യമല്ലാത്തതും കൊറോണ വൈറസ് മഹാമാരി അമേരിക്കയിൽ കൂടുതൽ സാമ്പത്തിക ആഘാതം സൃഷ്ടിക്കുന്നതായുളള റിപ്പോർട്ടുകളും ഏഷ്യൻ ഓഹരികളും യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകളും വെള്ളിയാഴ്ച ഇടിയാൻ കാരണമായി.
എംഎസ്‌സിഐയുടെ ഏഷ്യ -പസഫിക് ഓഹരികളുടെ വിശാലമായ സൂചിക 0.4 ശതമാനം ഇടിഞ്ഞു. യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകളായ എസ് ആൻഡ് പി 500 ഇ-മിനിസ് 0.56 ശതമാനം ഇടിഞ്ഞു.
കൊറോണ വൈറസ് ആദ്യം റിപ്പോർട്ട് ചെയ്ത ചൈനയിലെ ഓഹരികൾ 0.79 ശതമാനം ഇടിഞ്ഞു. യൂറോ സ്റ്റോക്സ് 50 ഫ്യൂച്ചറുകൾ 2.23 ശതമാനവും ജർമ്മൻ ഡാക്സ് ഫ്യൂച്ചേഴ്സ് 2.19 ശതമാനവും എഫ് ടി എസ് ഇ ഫ്യൂച്ചേഴ്സ് 1.36 ശതമാനവും ഇടിഞ്ഞതോടെ ആഗോള തലത്തിൽ നിക്ഷേപകരുടെ നെഞ്ചിടിപ്പ് കൂട്ടി !