അമേരിക്കൻ കമ്പനിയെ 42 ദശലക്ഷം ഡോളർ മുടക്കി ഇൻഫോസിസ് വാങ്ങുന്നു
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസ് അമേരിക്കൻ കമ്പനിയായ കലൈഡോസ്കോപ് ഇന്നവേഷനെ ഏറ്റെടുക്കുന്നു
ദില്ലി: ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസ് അമേരിക്കൻ കമ്പനിയായ കലൈഡോസ്കോപ് ഇന്നവേഷനെ ഏറ്റെടുക്കുന്നു. 42 ദശലക്ഷം അമേരിക്കൻ ഡോളർ(ഏതാണ്ട് 308 കോടി രൂപ) ചെലവാക്കിയാണ് പ്രൊഡക്ട് ഡിസൈൻ ആന്റ് ഡവലപ്മെന്റ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയെ ഏറ്റെടുക്കുന്നത്.
മെഡിക്കൽ, കൺസ്യൂമർ, ഇന്റസ്ട്രിയൽ വിപണിയിലാണ് കലൈഡോസ്കോപിന്റെ പ്രവർത്തനം. ഇൻഫോസിസിന് പൂർണ്ണ ഉടമസ്ഥതയുള്ള സഹസ്ഥാപനം, ഇൻഫോസിസ് നോവ ഹോൾഡിങ്സ് എൽഎൽസി വഴിയാണ് ഏറ്റെടുക്കൽ. 2021 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിന്രെ അവസാനത്തോടെയാണ് ഇത് ഏറ്റെടുക്കും.
കലൈഡോസ്കോപ് 2019 ഡിസംബർ 31 ന് 20.6 ദശലക്ഷം ഡോളർ വരുമാനമാണ് നേടിയത്. ഇൻഫോസിസുമായി ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ കലൈഡോസോക്പിന് വേഗത്തിൽ കൂടുതൽ വളർച്ച നേടാനാവുമെന്ന് കമ്പനിയുടെ സിഇഒയും സഹ സ്ഥാപകനുമായ മാറ്റ് കോർണൂ പറഞ്ഞു. ഇരു കമ്പനികളും ഒരേ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണെന്നും ജീവനക്കാർക്ക് എല്ലാവർക്കും കൂടുതൽ മികച്ച തൊഴിൽ സാധ്യതകളാണ് ഇതിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.