പണപ്പെരുപ്പം താഴുന്നു; ഓഹരിയിലാണോ എഫ്ഡിയിലാണോ ഇനി നിക്ഷേപിക്കേണ്ടത്?
ഏറ്റവുമൊടുവില്‍ പ്രസിദ്ധീകരിച്ച രാജ്യത്തെ പണപ്പെരുപ്പ നിരക്കുകള്‍ വിലക്കയറ്റം ശമിക്കുന്നതിന്റെ ലക്ഷണങ്ങളാണ് പങ്കുവെയ്ക്കുന്നത്. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള നവംബറിലെ റീട്ടെയില്‍ പണപ്പെരുപ്പം 11 മാസത്തെ താഴ്ന്ന നിലവാരത്തിലും മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 21 മാസത്തെ താഴ്ന്ന നിരക്കിലുമാണ് രേഖപ്പെടുത്തിയത്
ഏറ്റവുമൊടുവില്‍ പ്രസിദ്ധീകരിച്ച രാജ്യത്തെ പണപ്പെരുപ്പ നിരക്കുകള്‍ വിലക്കയറ്റം ശമിക്കുന്നതിന്റെ ലക്ഷണങ്ങളാണ് പങ്കുവെയ്ക്കുന്നത്. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള നവംബറിലെ റീട്ടെയില്‍ പണപ്പെരുപ്പം 11 മാസത്തെ താഴ്ന്ന നിലവാരത്തിലും മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 21 മാസത്തെ താഴ്ന്ന നിരക്കിലുമാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ പലിശ നിരക്കിനെ നേരിട്ട് സ്വാധീനിക്കുന്ന റിപ്പോ നിരക്കുകള്‍ പുനഃപരിശോധിക്കുന്നതിന് റിസര്‍വ് ബാങ്ക് മുഖ്യ ഘടകമാക്കുന്ന റീട്ടെയില്‍ പണപ്പെരുപ്പം ക്ഷമതാ പരിധിക്കുള്ളിലേക്ക് എത്തിയതും ശ്രദ്ധേയമായിരുന്നു.
അതേസമയം, ഒരു നിക്ഷേപകന്റെ പോര്‍ട്ട്‌ഫോളിയോ സ്ഥിരത കൈവരിക്കുന്നതില്‍ കടപ്പത്രങ്ങളും നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. എന്നാല്‍ ഉയര്‍ന്ന നിലവാരത്തിലായിരുന്ന പണപ്പെരുപ്പം താഴുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയതോടെ അടുത്ത വര്‍ഷം ഒഹരിയില്‍ നിന്നും കടപ്പത്രങ്ങളില്‍ നിന്നും ലഭിക്കാവുന്ന ആദായങ്ങളുടെ വ്യത്യാസവും ചുരുങ്ങിയേക്കുമെന്നാണ് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധരുടെ അനുമാനം. ആഗോള വിപണികളില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ കുതിപ്പുണ്ടായെങ്കിലും ഉയര്‍ന്ന മൂല്യമതിപ്പിന്റെ അടിസ്ഥാനത്തില്‍ അടുത്ത വര്‍ഷത്തെ നേട്ടം പരിമിതപ്പെടാനുള്ള സാധ്യതയുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
Read more: പണപ്പെരുപ്പം താഴേക്ക്, സൂചികകൾ മുകളിലേക്ക്; നിക്ഷേപകർ ആവേശത്തിൽ
ആഗോള വിപണികള്‍ കൂടി സ്ഥിരത കൈവരിക്കുന്നതു വരെ മൂല്യമതിപ്പ് ഉയര്‍ന്നു (Overvalued) നില്‍ക്കുന്ന ആഭ്യന്തര ഓഹരി വിപണിയില്‍ പുതിയ നിക്ഷേപം നടത്തുന്നതിനായി നിക്ഷേപകര്‍ ക്ഷമാപൂര്‍വം കാത്തിരിക്കണം. സ്ഥിരനിക്ഷേപങ്ങളുടെ ആദായ നിരക്കുകള്‍ ഉയരാന്‍ തുടങ്ങിയതിന്റെ പശ്ചാത്തലത്തില്‍ കൈവശമുള്ള തുകയുടെ ഒരുഭാഗം സ്ഥിരവരുമാനം നല്‍കുന്ന നിക്ഷേപ പദ്ധതികളിലേക്ക് തത്കാലം മാറ്റുന്നത് ഉചിതമായിരിക്കും. വര്‍ധിക്കുന്ന പലിശ നിരക്കും മൂല്യമതിപ്പ് ഉയര്‍ന്നു നില്‍ക്കുന്നതും ആഭ്യന്തര ഓഹരി വിപണിയിലെ കുതിപ്പിന് തടയിട്ടേക്കുമെന്നും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി.കെ വിജയകുമാര്‍ അഭിപ്രായപ്പെട്ടത്.
അതേസമയം 2023 വര്‍ഷത്തില്‍ ഓഹരി വിപണിയില്‍ കടുത്ത ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്നാണ് മുന്‍നിര ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് സെക്യുരിറ്റീസിന്റെ 2023 വര്‍ഷത്തേക്കുള്ള അവലോകന റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളത്. ഓഹരിയില്‍ അമിത പ്രാധാന്യം കൊടുക്കേണ്ട സന്ദര്‍മല്ല ഇപ്പോഴുള്ളത്. ശക്തമായ തിരുത്തല്‍ വിപണിയില്‍ നേരിടുന്നുവെങ്കില്‍ വീണ്ടും നിക്ഷേപിക്കാം. മറ്റ് വിഭാഗങ്ങളേക്കാള്‍ ലാര്‍ജ് കാപ് ഓഹരികള്‍ക്കാണ് പരിഗണന നല്‍കേണ്ടതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആഗോള തലത്തില്‍ തന്നെ പണപ്പെരുപ്പത്തിന്റെ മൂര്‍ധന്യാവസ്ഥ പിന്നിട്ടുവെന്നും കമ്മോഡിറ്റി വില ഇടിയുന്നതും വിവിധ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് ഉയരുന്നതും ലിക്വിഡിറ്റി കുറയുന്നതുമൊക്കെ പണപ്പെരുപ്പത്തിന്റെ സഞ്ചാരപഥം താഴേക്കാണെന്നതിന്റെ ലക്ഷണങ്ങളാണെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.