അവര്‍ വിപണിയിലേക്ക് വരും !: സൊമാറ്റോ, സ്വിഗ്ഗി, ബൈജൂസ് എന്നീ കമ്പനികള്‍ നിര്‍ണായക നീക്കം നടത്തിയേക്കുമെന്ന് വിലയിരുത്തല്‍
ബൈജു, സ്വിഗ്ഗി, സൊമാറ്റോ, ഫോൺപെ, മൈന്ത്ര തുടങ്ങിയ കമ്പനികള്‍ ഈ പരാമര്‍ശത്തോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് യൂണികോണ്‍ വമ്പന്മാര്‍ ഇറങ്ങാന്‍ പോകുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 10 മുതൽ 15 വരെ ഇൻറർനെറ്റ്, ടെക് കമ്പനികൾ ഇന്ത്യയിൽ പട്ടികപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ പ്രൈമറി മാർക്കറ്റ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ ടെക്നോളജി കമ്മിറ്റികളുടെ ചെയർമാൻ മോഹന്‍ദാസ് പൈ പറഞ്ഞു. ഈ കമ്പനികളുടെ മൂല്യം 300 മില്യൺ മുതൽ 10 ബില്യൺ ഡോളർ വരെയാണ്. ടെക്നോളജി വെഞ്ച്വർ ക്യാപിറ്റലിസ്റ്റും മുൻ ഇൻഫോസിസ് ലിമിറ്റഡിന്റെ ഉദ്യോഗസ്ഥനുമാണ് മോഹൻദാസ് പൈ.
മലയാളിയായ ബൈജു രവീന്ദ്രന്‍റെ എഡൂ ടെക് ആപ്പായ ബൈജൂസ് ലേണിങ് ആപ്പ്, ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവയും ഫോണ്‍ പേ, മൈന്ത്ര തുടങ്ങിയ കമ്പനികളും ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് പൈ അഭിപ്രായപ്പെടുന്നത്. എഡൂ ടെക് ആപ്ലിക്കേഷനായ ബൈജൂസില്‍ പൈയുടെ ആരിൻ ക്യാപിറ്റലിന് ഓഹരി പങ്കാളിത്തമുണ്ട്.
കമ്പനികളിൽ നിന്നും നിക്ഷേപകരിൽ നിന്നും ഐപിഒകൾക്കായി വലിയ താല്‍പര്യം പ്രകടമാണെന്നും, മുൻ ഇൻഫോസിസ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ കൂടിയായ പൈ പറഞ്ഞു. “അതിവേഗ വളർച്ചയുള്ള ഐടി ഓഹരികൾക്കായി വിപണി താല്‍പര്യപ്പെടുന്നു”.
ബൈജു, സ്വിഗ്ഗി, സൊമാറ്റോ, ഫോൺപെ, മൈന്ത്ര തുടങ്ങിയ കമ്പനികള്‍ ഈ പരാമര്‍ശത്തോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. സൊമാറ്റോ, സ്വിഗ്ഗി, ബൈജൂസ് എന്നിവര്‍ വിപണിയില്‍ വലിയ വിപ്ലവം സൃഷ്ടിക്കാന്‍ കെല്‍പ്പുളളവരാണെന്നാണ് വിപണി വിദഗ്ധരുടെ നിഗമനം.