ജാപ്പനീസ്, യൂറോപ്യൻ വിപണികൾ ഇടിഞ്ഞു: റിലയൻസിന്റെയും എച്ച്ഡിഎഫ്സിയുടെയും കരുത്തിൽ ഉയർന്ന് ഇന്ത്യൻ വിപണികൾ
ടോക്കിയോയിൽ വർദ്ധിച്ചുവരുന്ന വൈറസ് അണുബാധയെക്കുറിച്ചുള്ള ആശങ്കകളിൽ ജപ്പാനിലെ നിക്കെയ് 0.3 ശതമാനം ഇടിഞ്ഞു. ചൈനയുടെ സിഎസ്‌ഐ 300 സൂചിക 0.25 ശതമാനം ഉയർന്നു.
റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ), എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്‌യുഎൽ എന്നിവയുടെ കരുത്തിൽ ഇന്ത്യൻ ഓഹരി വിപണി വെള്ളിയാഴ്ച 1.5 ശതമാനം ഉയർന്നു.
ബിഎസ്‌ഇ സെൻസെക്സ് 548 പോയിൻറ് അഥവാ 1.5 ശതമാനം ഉയർന്ന് 37,020 ലെവലിൽ എത്തി. ബിഎസ്ഇയിലെ 30 ഓഹരികളിൽ 25 എണ്ണവും മുന്നേറ്റം പ്രകടിപ്പിച്ചു. ഒഎൻജിസി (5.5 ശതമാനം ഉയർന്ന്) സൂചികയിലെ ഏറ്റവും വലിയ നേട്ടവുമായി വ്യാപാരം അവസാനിപ്പിച്ചപ്പോൾ ടിസിഎസ് (1.5 ശതമാനം ഇടിഞ്ഞു) ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട ഓഹരിയായി മാറി.
എൻഎസ്‌ഇയുടെ നിഫ്റ്റി 162 പോയിൻറ് അഥവാ 1.5 ശതമാനം ഉയർന്ന് 10,902 ൽ അവസാനിച്ചു. അതേസമയം, ചാഞ്ചാട്ട സൂചികയായ ഇന്ത്യ VIX 5.4 ശതമാനം ഇടിഞ്ഞ് 23.99 ലെവലിൽ എത്തി. പ്രതിവാര അടിസ്ഥാനത്തിൽ സെൻസെക്സ് 1.16 ശതമാനവും നിഫ്റ്റി 1.24 ശതമാനവും നേട്ടം കൈവരിച്ചു.
മേഖലാ അടിസ്ഥാനത്തിൽ, നിഫ്റ്റി ഐടി സൂചിക ഒഴികെ മറ്റെല്ലാ സൂചികകളും പോസിറ്റീവ് പ്രകടനം കാഴ്ചവച്ചു. നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക 1.83 ശതമാനം ഉയർന്ന് 1,431.60 ലെവലും നിഫ്റ്റി ബാങ്ക് 1.7 ശതമാനം ഉയർന്ന് 21,967 പോയിന്റുമായി. അതേസമയം, നിഫ്റ്റി ഐടി 0.62 ശതമാനം ഇടിഞ്ഞ് 16,821 ലെത്തി.
വിശാലമായ വിപണിയിൽ ബിഎസ്‌ഇ മിഡ്‌ക്യാപ്പ് 1.55 ശതമാനവും ബിഎസ്‌ഇ സ്‌മോൾക്യാപ്പ് 1.11 ശതമാനവും ഉയർന്നു.
750 ബില്യൺ യൂറോയുടെ കൊവിഡ് -19 പകർച്ചവ്യാധി റിക്കവറി ഫണ്ടിനെ സംബന്ധിച്ച് ചർച്ച ചെയ്യാൻ യൂറോപ്യൻ യൂണിയൻ നേതാക്കൾ ബ്രസ്സൽസിൽ യോഗം ചേർന്നിരിക്കുകയാണ്. കൊവിഡിന് ശേഷമുളള യൂറോപ്യൻ യൂണിയന്റെ ധനകാര്യ നിലപാടിനെക്കുറിച്ചുളള അനിശ്ചിതത്വം തുടരുന്നതിനാൽ യൂറോപ്പിലെ ഓഹരി വിപണികൾ വെള്ളിയാഴ്ച തകർച്ച നേരിട്ടു.
ടോക്കിയോയിൽ വർദ്ധിച്ചുവരുന്ന വൈറസ് അണുബാധയെക്കുറിച്ചുള്ള ആശങ്കകളിൽ ജപ്പാനിലെ നിക്കെയ് 0.3 ശതമാനം ഇടിഞ്ഞു. ചൈനയുടെ സിഎസ്‌ഐ 300 സൂചിക 0.25 ശതമാനം ഉയർന്നു. വ്യാഴാഴ്ച ഇത് അഞ്ച് ശതമാനം ഇടിഞ്ഞിരുന്നു. കൊറോണ വൈറസ് കേസുകൾ പല രാജ്യങ്ങളിലും ഉയർന്നപ്പോൾ ആഗോള ഇന്ധന ആവശ്യകതയിൽ അനിശ്ചിതത്വം തുടരുന്നത് എണ്ണവില ഇടിയാനിടയാക്കി.