1,400 പോയിന്റ് ഇടിഞ്ഞ് സെൻസെക്സ്: കൊവിഡ് ആശങ്കയിൽ സമ്മർദ്ദത്തിലായി ഇന്ത്യൻ ഓഹരി വിപണി; നിഫ്റ്റിയിലും നഷ്ടം
ബിഎസ്ഇ മിഡ്ക്യാപ്പ്, സ്മോൾക്യാപ്പ് സൂചികകൾ യഥാക്രമം നാല് ശതമാനവും 3.5 ശതമാനവും ഇടിഞ്ഞു.
രാജ്യത്തെ കൊവിഡ് -19 അണുബാധ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഓഹരി വിപണിയിലും ആശങ്ക വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.69 ലക്ഷം കൊവിഡ് -19 കേസുകൾ ഇന്ത്യയിൽ രേഖപ്പെടുത്തിയതോടെ ആഭ്യന്തര ബെഞ്ച്മാർക്ക് സൂചികകൾ 2.5 ശതമാനത്തിലധികം ഇടിഞ്ഞു. പകർച്ചവ്യാധി സാഹചര്യം മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയന്ത്രണങ്ങൾ വർധിപ്പിച്ചിട്ടുണ്ട്.
ബിഎസ്ഇ സെൻസെക്സ് 1,400 പോയിന്റ് ഇടിഞ്ഞ് 48,160 ലെവലിലും നിഫ്റ്റി 50 സൂചിക 14,500 മാർക്കിൽ നിന്നും താഴേക്കും പോയി. ഇൻഡസ് ഇൻഡ് ബാങ്ക് എട്ട് ശതമാനം ഇടിഞ്ഞു. സെൻസെക്സിൽ ഏറ്റവും ഇടിവ് നേരിട്ട ഓഹരിയും ഇൻഡസ് ഇൻഡ് ബാങ്കാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാൻസ് (രണ്ടും 5 ശതമാനം ഇടിഞ്ഞു) തുടങ്ങിയ ഓഹരികളിലും ഇടിവ് നേരിട്ടു.
നിഫ്റ്റി ഫാർമ സൂചിക ഒഴികെയുള്ള എല്ലാ നിഫ്റ്റി സെക്ടറൽ സൂചികകളിലും നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി പി എസ് യു ബാങ്ക് സൂചിക ഏഴ് ശതമാനം താഴേക്ക് പോയി.
ബിഎസ്ഇ മിഡ്ക്യാപ്പ്, സ്മോൾക്യാപ്പ് സൂചികകൾ യഥാക്രമം നാല് ശതമാനവും 3.5 ശതമാനവും ഇടിഞ്ഞു.
ഇന്നത്തെ ഫലങ്ങൾ
ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്ഡിഐഎൽ, കാലിഫോർണിയ സോഫ്റ്റ്‍വെയർ, കുപിഡ് ട്രേഡ്സ് & ഫിനാൻസ്, ലോയ്ഡ്സ് മെറ്റൽസ് ആൻഡ് എനർജി എന്നിവ അവരുടെ ത്രൈമാസ ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും.
പോസ്റ്റ്ബാങ്ക്, പ്രുഡൻഷ്യൽ ഫിനാൻഷ്യൽ തുടങ്ങിയ ചില വലിയ ഡീലുകളുടെ സഹായത്തോടെ മാർച്ച് ക്വാർട്ടർ വരുമാനത്തിൽ ടിസിഎസ് ഒമ്പത് ശതമാനം വളർച്ച നേടുമെന്ന് വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നു, മുൻ പാദത്തിൽ നേടിയ 50-100 മില്യൺ ഡോളറിന്റെ ഡീലുകളുടെ റാംപ്-അപ്പ്, ക്ലൗഡ്, ഉപഭോക്തൃ മേഖലകളിൽ ശക്തമായ ആവശ്യമുയർന്നിട്ടുണ്ട്.