നാല് ദിവസത്തെ നഷ്ടത്തിന് ശേഷം നേട്ടത്തിലേക്ക് ഉയർന്ന് ഇന്ത്യൻ വിപണി: ആർഐഎൽ, എച്ച്ഡിഎഫ്സി ഓഹരികൾക്ക് നേട്ടം
എൻഎസ്‌ഇയുടെ നിഫ്റ്റി 204 പോയിൻറ് അഥവാ 1.87 ശതമാനം ഉയർന്ന് 11,095 ലെവലിൽ അവസാനിച്ചു.
മുംബൈ: നാല് ദിവസത്തെ നഷ്ട വ്യാപാരത്തിന് ശേഷം ആഭ്യന്തര ഓഹരി വിപണി ചൊവ്വാഴ്ച രണ്ട് ശതമാനം ഉയർന്നു. റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ), എച്ച്ഡിഎഫ്‌സി ബാങ്ക് എന്നീ ഓഹരികളിലെ മുന്നേറ്റമാണ് വിപണിക്ക് തുണയായത്.
ബിഎസ്‌ഇ സെൻസെക്സ് ഇന്ന് 748 പോയിൻറ് അഥവാ രണ്ട് ശതമാനത്തിലധികം ഉയർന്ന് 37,688 എന്ന നിലയിലെത്തി. ആർഐഎൽ (7 ശതമാനം ഉയർന്ന്) ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരിയായി. ടെക് മഹീന്ദ്ര (ഏകദേശം 3 ശതമാനം ഇടിവ്) സൂചികയിലെ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട ഓഹരിയായി.
എൻഎസ്‌ഇയുടെ നിഫ്റ്റി 204 പോയിൻറ് അഥവാ 1.87 ശതമാനം ഉയർന്ന് 11,095 ലെവലിൽ അവസാനിച്ചു.
2020 ഒക്ടോബറിൽ വിരമിക്കുന്ന ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആദിത്യ പുരിയുടെ പിൻഗാമിയായി ശശിധർ ജഗദീശനെ നിയമിച്ചതിനെത്തുടർന്ന് വ്യക്തിഗത ഓഹരികളിൽ എച്ച്ഡിഎഫ്സി ബാങ്ക് ബിഎസ്ഇയിൽ നാല് ശതമാനം ഉയർന്നു, ഓഹരി വില 1,041 രൂപയായി. യുകെ സർക്കാരുമായുള്ള കരാർ പ്രകാരം ആസ്ട്രാസെനെക്കയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും ചേർന്ന് വികസിപ്പിച്ചെടുക്കുന്നതുൾപ്പെടെ ദശലക്ഷക്കണക്കിന് ഡോസ് കൊവിഡ് -19 വാക്സിനുകൾ വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചതിനെത്തുടർന്ന് വോക്ഹാർട്ട് 10 ശതമാനം ഉയർന്ന് 333.70 രൂപയായി.
വിശാലമായ വിപണിയിൽ, ബിഎസ്‌ഇ മിഡ്‌കാപ്പ് സൂചിക ഒരു ശതമാനം ഉയർന്ന് 13,856 ലും ബിഎസ്‌ഇ സ്‌മോൾകാപ്പ് 1.23 ശതമാനം ഉയർന്ന് 13,317 ലെവലിൽ സെഷൻ അവസാനിപ്പിച്ചു.
മേഖലാ രംഗത്ത്, നിഫ്റ്റി ഐടി ഒഴികെ, എൻഎസ്‌ഇയിലെ മറ്റെല്ലാ സൂചികകളും വ്യാപാര നേട്ടത്തിൽ അവസാനിച്ചു. നിഫ്റ്റി ബാങ്ക് 400 പോയിൻറ് അഥവാ രണ്ട് ശതമാനം ഉയർന്ന് 21,487 ൽ എത്തി.