മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നേട്ടം കൈവരിച്ച് ഇന്ത്യന്‍ ഓഹരിവിപണി
അമേരിക്ക ചൈന വ്യാപാരയുദ്ധത്തിൽ ചർച്ചയ്ക്ക് സാധ്യതകൾ ഉണ്ടെന്ന ഡോണൾഡ് ട്രംപിന്റെ പ്രസ്താവന ആഗോളവിപണിക്കും കരുത്തായിട്ടുണ്ട്.
മുംബൈ: മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നേട്ടം കൈവരിച്ച് ഇന്ത്യൻ ഓഹരിവിപണി. സെൻസെക്സ് 792.96 പോയിന്റ് ഉയർന്ന് 37494.12 ലും നിഫ്റ്റി 228.50 പോയിന്റ് ഉയർന്ന് 11057.90 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സർക്കാർ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചതിന്റെ പ്രതിഫലനമാണ് ആഴ്ചയിലെ ആദ്യദിനം വിപണിക്ക് കരുത്തായത്.
സെൻസെക്സ്2.16 ശതമാനവും നിഫ്റ്റി 2.11 ശതമാനവും നേട്ടമുണ്ടാക്കി. മെറ്റൽ വിഭാഗമൊഴികെയുള്ള ഓഹരികൾ ഇന്ന് നേട്ടം കൈവരിച്ചു. പൊതുമേഖല ബാങ്ക്, വാഹനമേഖലയിൽ നേട്ടം പ്രകടമായിരുന്നു. യെസ് ബാങ്ക്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അമേരിക്ക ചൈന വ്യാപാരയുദ്ധത്തിൽ ചർച്ചയ്ക്ക് സാധ്യതകൾ ഉണ്ടെന്ന ഡോണാൾഡ് ട്രംപിന്റെ പ്രസ്താവന ആഗോളവിപണിക്ക് കരുത്തായിട്ടുണ്ട്.