ഡോളറിനെതിരെ കരുത്തുകാട്ടി ഇന്ത്യൻ രൂപ: മൂന്ന് മാസത്തിനിടയിലെ ഏറ്റവും മികച്ച നേട്ടം
ആഭ്യന്തര ഇക്വിറ്റികൾ പോസിറ്റീവായതും യുഎസ് ഡോളർ ദുർബലമായതും രൂപയ്ക്ക് ഗുണകരമായെന്ന് ഫോറെക്സ് വ്യാപാരികൾ പറഞ്ഞു.
മുംബൈ: ആഭ്യന്തര ഇക്വിറ്റി വിപണിയിലെ മികച്ച നേട്ടങ്ങൾക്കിടെ ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്കെത്തി.
ഇന്ന് ഇന്ത്യൻ രൂപ ഡോളറിനെതിരെ 75.01 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മാർച്ച് 27 ന് ശേഷമുളള രൂപയുടെ ഏറ്റവും മികച്ച മുന്നേറ്റമാണിത്. അന്ന് 75.60 എന്ന നിലയിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 75.50 ലാണ് രൂപ വ്യാപാരം ആരംഭിച്ചത്, പിന്നീട്, ഇൻട്രാ-ഡേയിൽ 74.98 എന്ന മെച്ചപ്പെട്ട നിലയിലേക്ക് രൂപ എത്തി. ഇടയ്ക്ക് 75.53 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം താഴ്ന്നു.
ആഭ്യന്തര ഇക്വിറ്റികൾ പോസിറ്റീവായതും യുഎസ് ഡോളർ ദുർബലമായതും രൂപയ്ക്ക് ഗുണകരമായെന്ന് ഫോറെക്സ് വ്യാപാരികൾ പറഞ്ഞു.
ഓഹരി വിപണിയിൽ, സെൻസെക്സ് 429.25 പോയിൻറ് അഥവാ 1.21 ശതമാനം ഉയർന്ന് 35843.70 ൽ എത്തി. നിഫ്റ്റി 121.70 പോയിന്റ് ഉയർന്ന് (1.17 ശതമാനം) 10551.70 ൽ എത്തി.
വിദേശ സ്ഥാപന നിക്ഷേപകർ യഥാക്രമം 2.44 ബില്യൺ ഇക്വിറ്റി മാർക്കറ്റിലും 14.28 ബില്യൺ ഡെറ്റ് മാർക്കറ്റിലും വിറ്റഴിച്ചു. ആഭ്യന്തര സ്ഥാപന നിക്ഷേപകർ 90,286.25 കോടി രൂപ ഓഹരികളിലേക്ക് നിക്ഷേപിച്ചതായും എക്സ്ചേഞ്ച് ഡേറ്റ വ്യക്തമാക്കുന്നു.