ഡോളറിനെതിരെ മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ രൂപയുടെ മുന്നേറ്റം, രൂപ ഉയര്‍ന്ന മൂല്യത്തിലേക്ക് കയറുന്നു
വ്യാപാരം ആരംഭിച്ച ആദ്യ മണിക്കൂറില്‍ തന്നെ രൂപയുടെ മൂല്യത്തില്‍ മുന്നേറ്റം ഉണ്ടായത് ശുഭ സൂചനയായിട്ടാണ് നിക്ഷേപകര്‍ കാണുന്നത്.
മുംബൈ: ഡോളറിനെതിരെ മൂല്യം ഉയര്‍ത്തി ഇന്ത്യന്‍ രൂപ. അഞ്ച് ആഴ്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ത്ത മൂല്യത്തിലേക്കാണ് ഇന്ത്യന്‍ രൂപ ഇന്ന് കയറിയത്. വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകരുടെ ഡെബ്റ്റ് മാര്‍ക്കറ്റിലേക്കും ലോക്കല്‍ ഇക്വിറ്റികളിലേക്കുമുളള നിക്ഷേപം വര്‍ധിച്ചതാണ് രൂപയുടെ മുന്നേറ്റത്തിന് കാരണമായത്.
വ്യാപാരം ആരംഭിച്ച ആദ്യ മണിക്കൂറില്‍ തന്നെ രൂപയുടെ മൂല്യത്തില്‍ മുന്നേറ്റം ഉണ്ടായത് ശുഭ സൂചനയായിട്ടാണ് നിക്ഷേപകര്‍ കാണുന്നത്. രാവിലെ 9.10 ന് രൂപയുടെ മൂല്യം ഡോളറിനെതിരെ 70.57 എന്ന നിരക്കിലേക്കുയര്‍ന്നു. വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ മൂല്യം 70.81 എന്ന നിരക്കിലായിരുന്നു. ആകെ നേട്ടം 0.36 ശതമാനമാണ്. ഡോളറിനെതിരെ മുന്നേറ്റം തുടര്‍ന്നാല്‍ രൂപയ്ക്ക് ഇനിയും മികച്ച മൂല്യത്തിലേക്ക് എത്താനാകും.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30 നാണ് ഇതിന് മുന്‍പ് മൂല്യം 70.56 എന്ന തലത്തിലേക്ക് ഉയര്‍ന്നത്. പത്ത് വര്‍ഷം വരെ കാലാവധിയുളള സര്‍ക്കാര്‍ ബോണ്ടുകളുടെ പലിശാ നിരക്ക് 6.443 ശതമാനത്തില്‍ നിന്ന് 6.457 ശതമാനത്തിലേക്കാണ് ഇന്ന് ഉയര്‍ന്നത്. രാവിലെ ഇന്ത്യന്‍ ഓഹരി വിപണികളില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകളും ശുഭസൂചനയാണ് നല്‍കുന്നത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 0.36 ശതമാനം ഉയര്‍ന്നു. നേട്ടം 145.35 പോയിന്‍റാണ്. സൂചിക നിലവില്‍ 40,310.38 പോയിന്‍റലാണ്.