ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുതിച്ചുയര്‍ന്നു, കയറ്റി അയക്കുന്നതിൽ തളർച്ച!
അതേസമയം ഇന്ത്യയിൽ നിന്ന് നാഫ്ത പോലുള്ള പെട്രോളിയം ഉൽപ്പന്നങ്ങളുടെ ചൈനയിലേക്കുള്ള കയറ്റുമതി ഇതേ കാലത്ത് 81 ശതമാനം വർധന നേടി.
ദില്ലി: ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുതിച്ചുയരുകയും തിരിച്ചുള്ള കയറ്റുമതിയില്‍ കുറവെന്നും റിപ്പോര്‍ട്ട്. കഴിഞ്ഞ ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവില്‍ ഇന്ത്യയിൽ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി 33.4 ശതമാനമാണ് കുറഞ്ഞത്. അതേസമയം ചൈനയിൽ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതി 24.7 ശതമാനം വർധിച്ചു. ചൈനയിലെ സാമ്പത്തിക പ്രവർത്തനങ്ങളുടെ മന്ദതയാണ് ഇപ്പോഴത്തെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി താഴെ പോകാൻ കാരണമെന്നാണ് കരുതുന്നത്.
എന്നാൽ ഇന്ത്യയിൽ നിന്ന് വിദേശത്തേക്കുള്ള ആകെ കയറ്റുമതിയിൽ 20.1 ശതമാനം വർധന ഉണ്ടായിട്ടുണ്ട്. സീറോ കൊവിഡ് പോളിസി, പ്രോപ്പർട്ടി സെക്ടറിൽ ഉണ്ടായ തിരിച്ചടി, തുടങ്ങിയ പലവിധ കാരണങ്ങളാൽ ചൈനയിലെ സാമ്പത്തിക പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരുന്നു. അതേസമയം ഇന്ത്യയിൽ നിന്ന് നാഫ്ത പോലുള്ള പെട്രോളിയം ഉൽപ്പന്നങ്ങളുടെ ചൈനയിലേക്കുള്ള കയറ്റുമതി ഇതേ കാലത്ത് 81 ശതമാനം വർധന നേടി. ഓർഗാനിക് കെമിക്കലുകളുടെ കയറ്റുമതി 38.3 ശതമാനം താഴേക്ക് പോയി, ഇരുമ്പുരുക്ക് കയറ്റുമതി 78 ശതമാനവും അലുമിനിയം കയറ്റുമതി 84 ശതമാനവും ഇടിഞ്ഞു. ലോൺ ബസുമതി അരിയുടെ കയറ്റുമതി 140 ശതമാനം വർധിച്ചു. മറൈൻ ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ 18 ശതമാനവും വർധനവുണ്ടായി.
ഇതേസമയം ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി ഉയരുന്നതാണ് കണ്ടത്. വിദേശരാജ്യങ്ങളിൽ നിന്നെല്ലാമുള്ള ആകെ ഇറക്കുമതിയും ഈ കാലത്ത് വർദ്ധിച്ചു. ആകെ ഇറക്കുമതിയിൽ 48.1 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ചൈനയിൽ നിന്നുള്ള ഇറക്കുമതി ഈ സമയത്ത് 24.7 ശതമാനം ഉയർന്നു. ഇതോടെ 2023 സാമ്പത്തിക വർഷത്തിലെ ആദ്യ നാല് മാസത്തെ വ്യാപാര കമ്മി 28.6 ബില്യൺ ഡോളറായി.
Read more : ഇന്ത്യ 2029 ൽ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും: എസ് ബി ഐ