10 വർഷത്തിനിടയിലെ ഏറ്റവും വലിയ ഏകദിന നേട്ടം; ഉയർത്തെഴുന്നേറ്റ് ഇന്ത്യൻ വിപണികൾ, രൂപയുടെ മൂല്യത്തിൽ മുന്നേറ്റം
പ്രമുഖ എഫ്എംസിജിയായ ഹിന്ദുസ്ഥാൻ യൂണിലിവർ (എച്ച് യു എൽ) ഓഹരികൾ 14% പുതിയ ഉയർന്നു.
മുംബൈ: ആഗോള വിപണികളെ പിന്തുടർന്ന് ഇന്ത്യൻ ഇക്വിറ്റികളിലും ഇന്ന് നേട്ടം റിപ്പോർട്ട് ചെയ്തു. സെൻസെക്സ് 2,476 പോയിന്റ് ഉയർന്ന് 30,067 ൽ എത്തി. ശതമാനക്കണക്കുകൾ പ്രകാരം 10 വർഷത്തിനിടയിലെ ഏറ്റവും വലിയ ഏകദിന നേട്ടം നിക്ഷേപകരുടെ സ്വത്തിൽ ഏകദേശം എട്ട് ലക്ഷം കോടി രൂപയുടെ വളർച്ചയുണ്ടായി. യുഎസിലെയും യൂറോപ്പിലെയും വൈറസ് ബാധിച്ച പ്രദേശങ്ങളിൽ വ്യാപനത്തിന്റെ തീവ്രത കുറയുന്നുവെന്നതിന്റെ സൂചനകൾ ആഗോള ഇക്വിറ്റി മാർക്കറ്റുകളിൽ 'നല്ല ദിനം' സംഭാവന ചെയ്തു.
യുഎസ് വിപണിയിൽ, ഡൗ ഫ്യൂച്ചേഴ്സ് ഒറ്റരാത്രികൊണ്ട് 7% റാലിക്ക് ശേഷം 3% ഉയർന്നത് നിക്ഷേപകർക്ക് ആവേശമായി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 50 പൈസ മുന്നേറി കരുത്തുകാട്ടി, ഒരു യുഎസ് ഡോളറിന് 75.63 എന്ന നിലയിലാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.
24 ഫാർമസ്യൂട്ടിക്കൽ ചേരുവകളും അവയിൽ നിന്ന് ഉണ്ടാക്കുന്ന മരുന്നുകളും കയറ്റുമതി ചെയ്യുന്നതിന് സർക്കാർ ചില നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷമാണ് ഫാർമ മേഖലയിലെ ഓഹരികൾ വൻ കുതിപ്പ് നടത്തി. ഇന്ത്യയിൽ 350 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം ഇത് 700 ആയിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം ഇതോടെ 4,000 കടന്നു.
ഫിനാൻഷ്യൽസ്, ഫാർമ സ്റ്റോക്കുകളാണ് ഇന്ന് റാലിക്ക് നേതൃത്വം നൽകിയത്. നിഫ്റ്റി ഫിനാൻഷ്യൽസ്, ഫാർമ സൂചികകൾ 10 ശതമാനം നേട്ടം കൈവരിച്ചു.
പ്രമുഖ എഫ്എംസിജിയായ ഹിന്ദുസ്ഥാൻ യൂണിലിവർ (എച്ച് യു എൽ) ഓഹരികൾ 14% പുതിയ ഉയർന്നു.
യുഎസിലെയും യൂറോപ്പിലെയും കൊറോണ വൈറസ് വ്യാപനത്തിന്റെ തീവ്രത കുറയുന്നുവെന്നതിന്റെ സൂചനകൾ വിപണികളുടെ ആത്മവിശ്വാസം വർധിപ്പിച്ചതായി ചോയ്സ് ബ്രോക്കിംഗ് ഫണ്ടമെന്റൽ റിസർച്ച് ഡെസ്ക് മേധാവി സുന്ദർ സൻമുഖാനി ലൈവ് മിന്റിനോട് പറഞ്ഞു.