ഇന്ത്യയുടെ വളർച്ചയുടെ വേഗം കുറഞ്ഞു, ഡിസംബർ പാദത്തിൽ ജിഡിപി മുന്നേറ്റം 5.4 ശതമാനം
റോയിറ്റേർസ് നടത്തിയ പോൾ പ്രകാരം ആറ് ശതമാനമായിരുന്നു ഇന്ത്യയിലെ ഡിസംബർ പാദത്തിലെ വളർച്ചാ നിരക്ക്
ദില്ലി: ഇന്ത്യൻ സാമ്പത്തിക രംഗത്തിന്റെ വളർച്ചയുടെ വേഗം ഡിസംബറിൽ അവസാനിച്ച മൂന്നാമത്തെ സാമ്പത്തിക പാദ വാർഷികത്തിൽ കുറഞ്ഞു. മുൻ വർഷം ഇതേ കാലത്തെ അപേക്ഷിച്ച് 5.4 ശതമാനമാണ് വളർച്ചയെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഏഷ്യൻ വൻകരയിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. തുടർച്ചയായ അഞ്ചാമത്തെ സാമ്പത്തിക പാദവാർഷികത്തിലും രാജ്യം വളർച്ച നേടി. കഴിഞ്ഞ രണ്ട് പാദവാർഷികങ്ങളെ അപേക്ഷിച്ച് മൂന്നാം പാദത്തിലെ വളർച്ചയുടെ വേഗം കുറഞ്ഞിട്ടുണ്ട്. ക്രൂഡ് ഓയിൽ വില ഉയർന്നതും വിലക്കയറ്റം ഉണ്ടായതും രാജ്യത്തെ പുറകോട്ട് വലിച്ചു.
റോയിറ്റേർസ് നടത്തിയ പോൾ പ്രകാരം ആറ് ശതമാനമായിരുന്നു ഇന്ത്യയിലെ ഡിസംബർ പാദത്തിലെ വളർച്ചാ നിരക്ക്. നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ഇന്ത്യയുടെ ജിഡിപി 8.4 ശതമാനമായിരുന്നു വളർച്ച. 2021-22 സാമ്പത്തിക വർഷത്തിൽ രാജ്യം 8.9 ശതമാനമാണ് വളർച്ച പ്രതീക്ഷിക്കുന്നത്.
2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി 6.6 ശതമാനം താഴേക്കായിരുന്നു. 2021 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൂന്നാം പാദത്തിലെ ജിഡിപി 3626220 കോടിയായിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ 3822159 കോടിയാണ്.