ഇത് അഭിമാന നേട്ടം; ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിദേശ നിക്ഷേപം നേടിയെടുത്ത് ഇന്ത്യന്‍ കുതിപ്പ്
2019 കലണ്ടർ വർഷത്തിലെ അവസാന മൂന്ന് മാസങ്ങളിൽ മാത്രം 43,781 കോടി ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിക്കപ്പെട്ടു.
ദില്ലി: ഇന്ത്യന്‍ മൂലധന വിപണിയിലെ വിദേശനിക്ഷേപം ആറ് കലണ്ടർ വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തി. 99,966 കോടി രൂപയാണ് വിദേശത്ത് നിന്നും ഇന്ത്യൻ ഓഹരികളിലേക്ക് ഈ വർഷം മാത്രം എത്തിയത്. ഈ വർഷം അവസാനിക്കുന്നതിന് മുൻപ് തന്നെ ലക്ഷം കോടി നിക്ഷേപം എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഒരു കലണ്ടർ വർഷം ഇതിനേക്കാൾ കൂടുതൽ തുക മുന്‍പ് നിക്ഷേപിക്കപ്പെട്ടത് 2013 ലാണ്. 1.13 ലക്ഷം കോടിയാണ് ഇക്വിറ്റികളിൽ അന്ന് നിക്ഷേപിക്കപ്പെട്ടത്. 2019 കലണ്ടർ വർഷത്തിലെ അവസാന മൂന്ന് മാസങ്ങളിൽ മാത്രം 43,781 കോടി ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിക്കപ്പെട്ടു. ജൂലൈ മുതൽ സെപ്തംബർ വരെയുള്ള മാസങ്ങളിൽ 22,463 കോടി രൂപയുടെ വിദേശനിക്ഷേപം പിൻവലിക്കപ്പെട്ടിരുന്നു.
ബിഎൻപി പാരിബാസ് പുറത്തുവിട്ട കണക്കുകളിൽ 2019 ൽ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള വിദേശ നിക്ഷേപം വൻതോതിൽ വർധിച്ചതായി പറയുന്നു. ഇന്ത്യയിലേക്ക് 12.8 ബില്യൺ ഡോളറും തായ്‌വാനിലേക്ക് 9.1 ബില്യൺ ഡോളറും ഇന്തോനേഷ്യയിലേക്ക് 2.9 ബില്യൺ ഡോളറുമാണ് വിദേശനിക്ഷേപം എത്തിയത്. ഇന്ത്യയിലേക്ക് 2013 ൽ 1,13,136 കോടിയുടെ വിദേശനിക്ഷേപമാണ് എത്തിയത്. 2014 ൽ 97054 കോടിയെത്തി. 2015 ൽ വെറും 17,808 കോടിയായി ഇത് ഇടിഞ്ഞു. 2016 ൽ 20568 കോടി മാത്രമാണ് ഇന്ത്യയിലേക്ക് എത്തിയത്.
2017 ൽ 51252 കോടി നിക്ഷേപം എത്തി. 2018 ൽ നിക്ഷേപങ്ങൾ വൻതോതിൽ പിൻവലിക്കപ്പെട്ടു. നിക്ഷേപത്തിൽ 33014 കോടി രൂപ കുറവ് വന്നു. 99966 കോടി 2019 ൽ വിദേശനിക്ഷേപമായി ഇന്ത്യയിലേക്കെത്തുന്നത് ശുഭസൂചനയാണ്. ഇന്ത്യൻ മൂലധന വിപണിയില്‍ വിദേശനിക്ഷേപകർക്ക് മുൻപുണ്ടായിരുന്ന വിശ്വാസം തിരികെ വരുന്നുവെന്ന സൂചനയാണ് ഇത് നൽകുന്നത്.