ഓഹരി വിൽപ്പന പ്രഖ്യാപിച്ച് ഐസിഐസിഐ ബാങ്ക്
മുൻ ക്ലോസിംഗിനേക്കാൾ 1.61 ശതമാനം വർധനയാണ് ഓഹരി നിരക്കിലുണ്ടായത്.
മുംബൈ: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് ഓഹരി വിൽപ്പന പ്രഖ്യാപിച്ചു. ഓഹരി വിൽപ്പനയിലൂടെ 15,000 കോടി രൂപ (ഏകദേശം 2 ബില്യൺ ഡോളർ) സമാഹരിക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം.
യോഗ്യതയുള്ള സ്ഥാപന പ്ലെയ്സ്മെന്റ് (ക്യുഐപി) ഓഫറിംഗിനായി ഓരോ ഓഹരിക്കും 351.36 രൂപ വീതം വില നിശ്ചയിച്ചിട്ടുണ്ടെന്ന് എക്സ്ചേഞ്ച് ഫയലിംഗിൽ ബാങ്ക് അറിയിച്ചു. ഐസിഐസിഐ ബാങ്കിന്റെ ഓഹരികൾ തിങ്കളാഴ്ച ബി എസ് ഇയിൽ ഒരു ഓഹരിക്ക് 363.6 രൂപ എന്ന നിലയിലേക്ക് ഉയർന്നിരുന്നു. മുൻ ക്ലോസിംഗിനേക്കാൾ 1.61 ശതമാനം വർധനയാണ് ഓഹരി നിരക്കിലുണ്ടായത്.
ഇൻവെസ്റ്റ്മെൻറ് ബാങ്കുകളായ ബാങ്ക് ഓഫ് അമേരിക്ക, മോർഗൻ സ്റ്റാൻലി, ബിഎൻപി പാരിബാസ്, ഐസിഐസിഐ സെക്യൂരിറ്റീസ് എന്നിവർ ഓഹരി വിൽപ്പന സംബന്ധിച്ച് ബാങ്കിനെ ഉപദേശിക്കുന്നു.
എച്ച്ഡിഎഫ്സി ലിമിറ്റഡ്, ആക്സിസ് ബാങ്ക്, ഇൻഫോ എഡ്ജ് (ഇന്ത്യ) ലിമിറ്റഡ്, അലംബിക് ഫാർമ എന്നിവയിൽ നിന്ന് കഴിഞ്ഞയാഴ്ച ഓഹരി വിൽപ്പന വർധിച്ചതിനെ തുടർന്നാണ് ഐസിഐസിഐ ബാങ്കും ക്യുഐപിയെക്കുറിച്ച് തീരുമാനമെടുത്തതെന്നാണ് ദേശീയ മാധ്യമ റിപ്പോർട്ടുകൾ. ഒരാഴ്ചയ്ക്കുള്ളിൽ 26,600 കോടി രൂപയാണ് ക്യുഐപിയിലൂടെ നിക്ഷേപമായി എത്തിയത്.