ഉപഭോക്താക്കൾ നേരിട്ട സാങ്കേതിക തടസം പാരയായി; എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരി ഇടിഞ്ഞു
ഒരു വർഷത്തിനിടെ ബാങ്കിന്റെ ഓഹരി വിലയിൽ 73.27 ശതമാനം വർധനവാണ് ഉണ്ടായത്.
മുംബൈ: ഇന്ന് സെൻസെക്സിൽ ഏറ്റവും ഇടിവ് നേരിട്ടത് എച്ച്ഡിഎഫ്‌സി ബാങ്കിന്. ചൊവ്വാഴ്ച തങ്ങളുടെ ബാങ്കിങ് സേവനത്തിൽ നേരിട്ട സാങ്കേതിക തകരാറാണ് ബാങ്കിന് തിരിച്ചടിയായത്. ഇന്ന് ഓഹരി വിപണി ക്ലോസ് ചെയ്തപ്പോൾ ബാങ്കിന്റെ ഓഹരി വിലയിൽ 3.86 ശതമാനം ഇടിവ് രേഖപ്പെടുത്തി. 1493 രൂപയാണ് വില.
ഇതോടെ ബാങ്കിന്റെ വിപണി മൂലധനം 8.23 ലക്ഷം കോടിയായി. രണ്ട് ദിവസം തുടർച്ചയായി നേട്ടമുണ്ടാക്കിയതിന് പിന്നാലെയാണ് മാർക്കറ്റ് കാപിറ്റൽ ഇടിഞ്ഞത്. ഇന്ന് തന്നെ ഒരു ഘട്ടത്തിൽ 1487.5 രൂപയിലേക്ക് ഓഹരി വില എത്തിയിരുന്നു. 4.25 ശതമാനമായിരുന്നു ഈ ഘട്ടത്തിലെ ഇടിവ്.
ഒരു വർഷത്തിനിടെ ബാങ്കിന്റെ ഓഹരി വിലയിൽ 73.27 ശതമാനം വർധനവാണ് ഉണ്ടായത്. ഈ വർഷം ആരംഭിച്ച ശേഷം നാല് ശതമാനമാണ് ഓഹരി വില വർധന. നിഫ്റ്റിയിൽ ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടതും എച്ച്ഡിഎഫ്സി ബാങ്കിനാണ്. എന്നാൽ ഇന്നലെ രാത്രി 7.29 ന് തന്നെ സാങ്കേതിക തകരാർ പൂർണമായും പരിഹരിച്ചെന്ന് കമ്പനി അറിയിച്ചിരുന്നു. എന്നാൽ ഇതാദ്യമായല്ല ബാങ്ക് ഇത്തരം തടസം നേരിടുന്നതെന്നതാണ് വിനയായത്.