പുറത്തേക്ക് ഒഴുകി കോടികളുടെ വിദേശ നിക്ഷേപം: വന്‍ പ്രതിസന്ധിയുടെ നാളുകളെന്ന് വിപണി നിരീക്ഷകര്‍
ഇക്കാലയിളവില്‍ ഇന്ത്യന്‍ മൂലധന വിപണിയില്‍ നിക്ഷേപമായി എത്തിയത് 2,096.38 കോടി രൂപ മാത്രം.
മുംബൈ: ആഗസ്റ്റ് മാസത്തിന്‍റെ ആദ്യപകുതിയില്‍ ഇന്ത്യന്‍ മൂലധന വിപണിയില്‍ നിന്നും വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) പിന്‍വലിച്ചത് 10,416.25 കോടി. ആഗസ്റ്റ് ഒന്ന് മുതല്‍ 16 വരെയുളള കണക്കുകള്‍ പ്രകാരമാണിത്. പ്രധാനമായും ആഗോള പ്രതിസന്ധികളും ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എഫ്പിഐ നികുതിയുമാണ് വന്‍ തോതില്‍ നിക്ഷേപം പിന്‍വലിക്കുന്ന അവസ്ഥയിലേക്ക് നിക്ഷേപകരെ എത്തിച്ചത്.
ഇക്കാലയിളവില്‍ ഇന്ത്യന്‍ മൂലധന വിപണിയില്‍ നിക്ഷേപമായി എത്തിയത് 2,096.38 കോടി രൂപ മാത്രവും. 'ആഗസ്റ്റിലെ പത്തില്‍ ഒന്‍പത് വ്യാപാര സെഷനുകളിലും എഫ്പിഐകള്‍ വന്‍ വില്‍പ്പനയാണ് നടത്തിയത്. ഇത് ഏറ്റവും ദോഷകരമായ പ്രവണതയാണ്' മോര്‍ണിങ്സ്റ്റാര്‍ സീനിയര്‍ അനലിസ്റ്റ് മാനേജര്‍ ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു. ജൂലൈയില്‍ എഫ്പിഐകള്‍ ആകെ പിന്‍വലിച്ചത് 2,985.88 കോടി രൂപ മാത്രമായിരുന്നു.
ആഭ്യന്തര -വിദേശ വിഷയങ്ങള്‍ ഇന്ത്യന്‍ മൂലധന വിപണിയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായാണ് വിലയിരുത്തല്‍. ഇത്തരത്തില്‍ വിദേശ നിക്ഷേപം പിന്‍വലിക്കപ്പെടുന്നത് വന്‍ പ്രതിസന്ധിയുടെ സൂചനകള്‍ നല്‍കുന്നതാണെന്നാണ് വിപണി നിരീക്ഷരുടെ വിലയിരുത്തല്‍. എഫ്പിഐയ്ക്ക് നികുതിയും അമേരിക്ക -ഇറാന്‍ സംഘര്‍ഷങ്ങളും അമേരിക്ക -ചൈന വ്യാപാര യുദ്ധവുമാണ് പ്രധാനമായും നിക്ഷേപകരുടെ പിന്‍മാറ്റത്തിന് കാരണം.