തുടർച്ചയായ മൂന്നാം മാസവും ഇന്ത്യയിൽ സജീവമായി വിദേശ നിക്ഷേപകർ; വിപണിയിൽ യുഎസ് പാക്കേജ് ഇഫക്ട്
വാക്സിനേഷൻ ഡ്രൈവും സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവും രണ്ടാം തരംഗത്തിൽ വിപണികളെ താരതമ്യേന കൂടുതൽ സ്ഥിരത പുലർത്താൻ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുംബൈ: തുടർച്ചയായ മൂന്നാം മാസവും നിക്ഷേപ വരവ് ഉയർന്ന നില തുടരുന്നു. വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർ (എഫ്പിഐ) മാർച്ചിൽ 17,304 കോടി രൂപ ഇന്ത്യൻ വിപണികളിൽ നിക്ഷേപിച്ചു.
ഡിപോസിറ്ററികളുടെ കണക്കുകൾ പ്രകാരം, മാർച്ച് 01-31 കാലയളവിൽ എഫ്പിഐകൾ 10,482 കോടി ഇക്വിറ്റികളിലേക്കും 6,822 കോടി ഡെറ്റ് വിഭാഗത്തിലേക്കും നിക്ഷേപിച്ചു. അവലോകന കാലയളവിലെ മൊത്തം അറ്റ നിക്ഷേപം 17,304 കോടി രൂപയാണ്.
മുമ്പ് വിദേശ നിക്ഷേപകർ, ഫെബ്രുവരിയിൽ 23,663 കോടി രൂപയും ജനുവരിയിൽ 14,649 കോടി രൂപയും ഇന്ത്യൻ മൂലധന വിപണിയിൽ നിക്ഷേപം നടത്തിയിരുന്നു.
വർദ്ധിച്ചുവരുന്ന COVID-19 രണ്ടാം തരംഗ അണുബാധ ഇന്ത്യൻ വിപണികളിലെ നിക്ഷേപത്തെ ബാധിക്കുമെന്ന് ഗ്രോവ് സഹസ്ഥാപകനും സിഒഒയുമായ ഹർഷ് ജെയിനും ലൈവ് മിന്റിനോട് വ്യക്തമാക്കി. വാക്സിനേഷൻ ഡ്രൈവും സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവും രണ്ടാം തരംഗത്തിൽ വിപണികളെ താരതമ്യേന കൂടുതൽ സ്ഥിരത പുലർത്താൻ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുഎസ് പാക്കേജിന്റെ ഇഫക്ട്
1.9 ട്രില്യൺ യുഎസ് ഡോളറിന്റെ പകർച്ചവ്യാധി ദുരിതാശ്വാസ പാക്കേജ് അമേരിക്ക പ്രഖ്യാപിച്ചതിനെത്തുടർന്ന് ആഗോള ധനവിപണിയിൽ പണലഭ്യതയുണ്ടെന്ന് മോർണിംഗ്സ്റ്റാർ ഇന്ത്യ അസോസിയേറ്റ് ഡയറക്ടർ (മാനേജർ റിസർച്ച്) ഹിമാൻഷു ശ്രീവാസ്തവ പറഞ്ഞു.
ചില ആഗോള സൂചികകളിലെ മാറ്റങ്ങൾ ഇന്ത്യൻ ഇക്വിറ്റികളിലേക്കുളള നിക്ഷേപ വരവിന് ആക്കം കൂട്ടിയിട്ടുണ്ട്. ഉയർന്ന സാമ്പത്തിക വളർച്ച, വൻതോതിലുള്ള വാക്സിനേഷൻ ഡ്രൈവ്, വരുമാന വളർച്ചയിലെ പുരോഗതി എന്നിവ ദീർഘകാല അടിസ്ഥാനത്തിൽ ഇന്ത്യയെ മികച്ച നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്ന ചില ഘടകങ്ങളാണെന്നും അദ്ദേഹം ലൈവ് മിന്റിനോട് പറഞ്ഞു.
“യുഎസ് സമ്പദ് വ്യവസ്ഥയിൽ നിന്നുള്ള ഉയർന്ന വളർച്ചാ പ്രതീക്ഷയുടെ പശ്ചാത്തലത്തിൽ, കയറ്റുമതി രംഗത്തെ പ്രധാന വിപണികളായ ദക്ഷിണ കൊറിയ, തായ്വാൻ എന്നിവടങ്ങളിലേക്കുളള എഫ് പി ഐ പ്രവാഹം വർധിച്ചിട്ടുണ്ട്... എന്നാൽ, മൊത്തത്തിൽ, വളർന്നുവരുന്ന വിപണി പ്രവാഹങ്ങൾ ഇപ്പോഴും പ്രതീക്ഷയ്ക്ക് താഴെയാണ്." കൊട്ടക് സെക്യൂരിറ്റീസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഹെഡ് (ഫണ്ടമെന്റൽ റിസർച്ച്) റുസ്മിക് ഓസ പറഞ്ഞു.
എഫ് പി ഐകളുടെ ശ്രദ്ധ സാമ്പത്തിക സംഖ്യകളായിരിക്കും, എത്രയും വേഗം ഇന്ത്യ സാമ്പത്തിക ആക്കം കൈവരിക്കുമെന്നും ശ്രീവസ്തവ കൂട്ടിച്ചേർത്തു.