ഇന്ത്യയോട് താല്‍പര്യം കുറയുന്നു, നിക്ഷേപം കൂട്ടത്തോടെ പിന്‍വലിച്ച് വിദേശ നിക്ഷേപകര്‍; മൂലധന വിപണിയില്‍ സമ്മര്‍ദ്ദം കനക്കുന്നു

പുറത്തുവരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് ഫലത്തെ സംബന്ധിച്ച ആശങ്കകളും യുഎസ് - ചൈന വ്യാപാര യുദ്ധം ഉയര്‍ത്തുന്ന വെല്ലുവിളികളുമാണ് ഇന്ത്യയില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ വിദേശ നിക്ഷേപകരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍. കഴിഞ്ഞ മൂന്ന് മാസമായി വിദേശ പ്രോട്ട്ഫോളിയോ നിക്ഷേപകരില്‍ നിന്നും വന്‍ നിക്ഷേപമാണ് ഇന്ത്യയിലേക്ക് ഒഴുകിയത്

FPI investors pull out investment from India

മുംബൈ: മൂന്ന് മാസത്തെ തുടര്‍ച്ചയായ വര്‍ധനയ്ക്ക് ശേഷം ഇന്ത്യന്‍ മൂലധന വിപണിയില്‍ സമ്മര്‍ദ്ദം കടുക്കുന്നു. മെയ് മാസത്തിലെ ആദ്യ ഏഴ് വ്യാപാര സെഷനുകള്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ 3,207 കോടി രൂപ ഇന്ത്യന്‍ മൂലധന വിപണിയില്‍ നിന്നും പിന്‍വലിക്കപ്പെട്ടു കഴിഞ്ഞു. 

പുറത്തുവരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് ഫലത്തെ സംബന്ധിച്ച ആശങ്കകളും യുഎസ് - ചൈന വ്യാപാര യുദ്ധം ഉയര്‍ത്തുന്ന വെല്ലുവിളികളുമാണ് ഇന്ത്യയില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ വിദേശ നിക്ഷേപകരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍. കഴിഞ്ഞ മൂന്ന് മാസമായി വിദേശ പ്രോട്ട്ഫോളിയോ നിക്ഷേപകരില്‍ നിന്നും വന്‍ നിക്ഷേപമാണ് ഇന്ത്യയിലേക്ക് ഒഴുകിയത്. ഫെബ്രുവരി മാസത്തില്‍ 11,182 കോടി രൂപ മൂലധന വിപണിയില്‍ എത്തിയപ്പോള്‍ മാര്‍ച്ചില്‍ നിക്ഷേപത്തില്‍ വന്‍ വളര്‍ച്ച പ്രകടിപ്പിച്ചു. മാര്‍ച്ചില്‍ 45,981 കോടി രൂപയാണ് വിദേശ മൂലധന വിപണിയിലേക്ക് എത്തിയത്. ഏപ്രിലില്‍ 16,093 കോടി രൂപയും ഇന്ത്യയിലേക്ക് നിക്ഷേപകര്‍ ഇറക്കി. 

എന്നാല്‍, മെയ് രണ്ട് മുതല്‍ പത്ത് വരെ 1,344.72 കോടി രൂപ ഇന്ത്യയിലേക്ക് എത്തിയെങ്കിലും 4,552.20 കോടി രൂപ വിദേശ പ്രോട്ട്ഫോളിയോ നിക്ഷേപകര്‍ പിന്‍വലിച്ചു. ഈ ട്രെന്‍ഡ് ശേഷിക്കുന്ന ദിവസങ്ങളിലും തുടര്‍ന്നാല്‍ മൂലധന വിപണിയില്‍ സമ്മര്‍ദ്ദം വലുതാകും. 

കഴിഞ്ഞ രണ്ട് തവണയായി റിപ്പോ നിരക്കില്‍ തുടര്‍ച്ചയായി റിസര്‍വ് ബാങ്ക് കുറവ് വരുത്തിയതും ധനനയ നിലപാട് നിക്ഷേപ സൗഹൃദമാക്കിയതുമാണ് കഴിഞ്ഞ മൂന്ന് മാസമായി വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ധനവിന് കാരണമായത്. എന്നാല്‍, വ്യാപാര യുദ്ധം വീണ്ടും ആരംഭിക്കാന്‍ പോകുന്നതായുളള സൂചനകളെ തുടര്‍ന്ന് രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായേക്കുമോ എന്ന ഭയമാണ് ഇന്ത്യയില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ വിദേശ നിക്ഷേപകരെ പ്രേരിപ്പിച്ചതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ഇതോടൊപ്പം അമേരിക്കയുടെ ഇറാനെതിരെയുളള പൂര്‍ണ ഉപരോധം കൂടി എത്തിയതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ നിരക്ക് ഉയര്‍ന്നതും നിക്ഷേപകര്‍ക്ക് ഇന്ത്യയോടുളള മമത കുറയാനിടയാക്കി. 

ഈ മാസം പുറത്ത് വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് ഫലത്തെ സംബന്ധിച്ച ആശങ്കകളും വിദേശ നിക്ഷേപ വരവില്‍ കുറവ് വരാന്‍ ഇടയാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. 

Latest Videos
Follow Us:
Download App:
  • android
  • ios