ഇത് സുവര്‍ണകാലം, വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യയോട് ഇഷ്ടം കൂടുന്നു: മൂലധന വിപണി കുതിക്കുന്നു
നിരക്ക് വര്‍ധന വൈകിപ്പിക്കാനുളള യുഎസ് ഫെഡറല്‍ റിസര്‍വിന്‍റെ തീരുമാനമാണ് പ്രധാനമായും ഇന്ത്യന്‍ മൂലധന വിപണിക്ക് തുണയായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനത്തെ രണ്ട് മാസങ്ങളിലും നിക്ഷേപത്തില്‍ വലിയ വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.
മുംബൈ: തുടര്‍ച്ചയായ മൂന്നാമത്തെ മാസവും വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപത്തില്‍ വന്‍ വളര്‍ച്ച. ആഗോളതലത്തില്‍ ഇന്ത്യന്‍ മൂലധന വിപണിക്ക് അനുകൂലമാകുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതാണ് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപങ്ങള്‍ വര്‍ധിക്കാന്‍ കാരണം. യുഎസ്- ചൈന വ്യാപാര ചര്‍ച്ചകളുമായി ബന്ധപ്പെട്ടുണ്ടായ ശുഭകരമായ പ്രതീക്ഷകളാണ് ഇന്ത്യന്‍ വിപണിക്ക് ഗുണകരമായത്.
നിരക്ക് വര്‍ധന വൈകിപ്പിക്കാനുളള യുഎസ് ഫെഡറല്‍ റിസര്‍വിന്‍റെ തീരുമാനമാണ് പ്രധാനമായും ഇന്ത്യന്‍ മൂലധന വിപണിക്ക് തുണയായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനത്തെ രണ്ട് മാസങ്ങളിലും നിക്ഷേപത്തില്‍ വലിയ വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. ഇതുവരെയുളള കണക്കുകള്‍ പ്രകാരം 17,219 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് ഏപ്രില്‍ മാസത്തില്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരില്‍ നിന്നുണ്ടായത്.
ഈ മാസം ഒന്ന് മുതല്‍ 26 വരെ ഇക്വിറ്റികളില്‍ 21,032.04 കോടി രൂപയുടെ അറ്റനിക്ഷേപം നടന്നപ്പോള്‍, ഡെറ്റ് വിപണിയില്‍ 3,812 കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് എഫ്പിഐകള് നടത്തിയത്. മാര്‍ച്ചില്‍ 45,981 കോടി രൂപയുടെയും ഫെബ്രുവരിയില്‍ 11,182 കോടി രൂപയുടെ നിക്ഷേപവുമാണ് എഫ്‍പിഐകള്‍ നടത്തിയത്. ജനുവരിയില്‍ 5,264 കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് എഫ്പിഐകള് നടത്തിയത്.