മൂന്ന് മാസത്തെ ഇടിവിന് ശേഷം വിദേശ നിക്ഷേപകർ വീണ്ടും സജീവമായി, നിക്ഷേപ വരവിൽ വൻ വർധനവ്
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ജൂൺ ഒന്ന് മുതൽ 19 വരെയുളള കാലയളവിൽ എഫ്പിഐകൾ 20,527 കോടി രൂപ ഇക്വിറ്റികളിലേക്ക് നിക്ഷേപിച്ചു.
മുംബൈ: വർദ്ധിച്ചുവരുന്ന പണലഭ്യതയ്ക്കും ഉയർന്ന റിസ്ക് പ്രതിസന്ധികൾക്കുമിടയിൽ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) ജൂൺ 19 വരെ ഇന്ത്യൻ മൂലധന വിപണികളിലേക്ക് 17,985 കോടി രൂപ നിക്ഷേപിച്ചു. ഡെപ്പോസിറ്ററികളുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ജൂൺ ഒന്ന് മുതൽ 19 വരെയുളള കാലയളവിൽ എഫ്പിഐകൾ 20,527 കോടി രൂപ ഇക്വിറ്റികളിലേക്ക് നിക്ഷേപിച്ചു.
അതേസമയം എഫ്പിഐകൾ ഡെബ്റ്റ് വിഭാഗത്തിൽ നിന്ന് 2,569 കോടി രൂപ പിൻവലിക്കുകയും ചെയ്തു. ഇതോടെ മൊത്തം അറ്റ നിക്ഷേപം 17,985 കോടി രൂപയിലെത്തി.
ഇതിനുമുമ്പ്, വിദേശ നിക്ഷേപകർ തുടർച്ചയായി മൂന്ന് മാസം പിൻവലിക്കൽ വികാരത്തിനാണ് പ്രാധാന്യം നൽകിയിരുന്നത്. മെയ് മാസത്തിൽ 7,366 കോടി രൂപയും ഏപ്രിലിൽ 15,403 കോടി രൂപയും മാർച്ചിൽ 1.1 ട്രില്യൺ രൂപയുടെ റെക്കോർഡ് പിൻവലിക്കലാണ് അവർ നടത്തിയത്.
ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥകൾ ദ്രവ്യത വർദ്ധിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ, ഇക്വിറ്റികൾ പോലുള്ള ഉയർന്ന റിസ്ക് ഫാക്ടറുളള ഇടങ്ങളിലേക്കുളള നിക്ഷേപവും ഗണ്യമായി വർദ്ധിക്കുന്നു. വളർന്നുവരുന്ന വിപണികളിൽ ഇന്ത്യ മികച്ച സ്ഥാനത്ത് നിൽക്കുന്നതിനാൽ ഈ നിക്ഷേപം ഇന്ത്യയിലേക്ക് എത്തുമെന്ന് ഗ്രോവിന്റെ സഹസ്ഥാപകനും സിഒഒയുമായ ഹർഷ് ജെയിൻ പറഞ്ഞു.