ഡൊണാൾഡ് ട്രംപിന് കൊവിഡ്: ഡൗ ജോൺസ് ഉൾപ്പടെയുളള യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകൾ കുത്തനെ ഇടിഞ്ഞു
എണ്ണവിലയിലെ ഇടിവ് തുടരുകയാണ്.
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൊവിഡ്-19 ബാധിച്ചതായുളള റിപ്പോർട്ടുകൾക്ക് പിന്നാലെ യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകൾ കുത്തനെ ഇടിഞ്ഞു. ഡൗ ജോൺസ് വ്യാവസായിക ശരാശരിയുമായി ബന്ധപ്പെട്ട ഫ്യൂച്ചറുകൾ 400 പോയിൻറ് ഇടിഞ്ഞു. തനിക്കും പ്രഥമ വനിത മെലാനിയ ട്രംപിനും കൊറോണ ബാധിച്ചതായി പ്രസിഡന്റ് തന്നെയാണ് ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ഓഹരികൾ കുത്തനെ താഴേക്ക് ഇടിയാൻ തുടങ്ങിയത്. ടെക്-ഹെവി നാസ്ഡാക്കിന്റെ ഫ്യൂച്ചറുകൾ 1.7 താഴേക്ക് എത്തി.
സഹായി ഹോപ് ഹിക്സ് ഈ ആഴ്ച പ്രസിഡന്റിനൊപ്പം നിരവധി തവണ യാത്ര ചെയ്തതിരുന്നു. അദ്ദേഹത്തിന് വൈറസ് ബാധിച്ചതായി വൈറ്റ് ഹൗസ് പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്കകമാണ് ട്രംപിന്റെ ടെസ്റ്റ് റിസൾട്ടും പോസിറ്റീവായത്.
ജപ്പാന് പുറത്തുള്ള ഏഷ്യ-പസഫിക് ഷെയറുകളുടെ എംഎസ്‍സിഐയുടെ വിശാലമായ സൂചിക 0.27 ശതമാനവും യൂറോ സ്റ്റോക്സ് 50 ഫ്യൂച്ചറുകൾ 0.06 ശതമാനവും ജർമ്മൻ ഡാക്സ് ഫ്യൂച്ചേഴ്സ് 0.03 ശതമാനവും എഫ് ടി എസ് ഇ ഫ്യൂച്ചറുകൾ 1.02 ശതമാനവും ഇടിഞ്ഞു.
കാർഷികേതര ശമ്പളപ്പട്ടികയെക്കുറിച്ചും തൊഴിലില്ലായ്മ നിരക്കിനെ സംബന്ധിച്ചുമുളള തൊഴിൽ വകുപ്പിന്റെ റിപ്പോർട്ട് ഇന്ന് പുറത്തുവരുമെന്നാണ് റിപ്പോർട്ട്. യുഎസ് സമ്പദ്‍വ്യവസ്ഥ ഈ റിപ്പോർട്ട് കാത്തിരിക്കുകയാണ്. ഡോളർ സൂചിക റിസ്ക് ഒഴിവാക്കലിൽ 0.3 ശതമാനം ഉയർന്നു.
സ്പോട്ട് സ്വർണം ഔൺസിന് 0.55 ശതമാനം ഇടിഞ്ഞ് 1,894.60 ഡോളറിലെത്തി. 2016 നവംബറിന് ശേഷമുള്ള ഏറ്റവും മോശം മാസമാണിത്. എണ്ണവിലയിലെ ഇടിവ് തുടരുകയാണ്.