ഇന്ത്യന്‍ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നു, ഡോളറിനെതിരെ പ്രതിരോധത്തിലായി ഇന്ത്യന്‍ കറന്‍സി

പ്രതിസന്ധി മറികടക്കാന്‍ അതിര്‍ത്തിക്ക് പുറത്തേക്കുളള വ്യാപാരം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ശ്രമങ്ങള്‍ തുടരുകയാണ്. 

dollar vs rupee, rupee face crisis

മുംബൈ: സ്വാതന്ത്ര ദിനത്തിന്‍റെ പിറ്റേന്ന് തകര്‍ച്ച നേരിട്ട് ഇന്ത്യന്‍ രൂപ. ഇന്ത്യന്‍ സമ്പദ്ഘടനയെ വളര്‍ച്ചയുടെ പാതയിലേക്ക് തിരികെയെത്തിക്കാനുളള ശ്രമങ്ങള്‍ ഫലവത്താകുന്നില്ലെന്നതിന്‍റെ സൂചനയാണ് തുടര്‍ച്ചയായ മൂല്യത്തകര്‍ച്ചയ്ക്ക് കാരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രാവിലെ 09.10 ന് ഡോളറിനെതിരെ 71.43 എന്ന താഴ്ന്ന നിരക്കിലേക്ക് ഇന്ത്യന്‍ നാണയത്തിന് ഇടിവ് സംഭവിച്ചു.

ബുധനാഴ്ചത്തെ ക്ലോസിംഗില്‍ നിന്ന് 0.22 ശതമാനത്തിന്‍റെ ഇടിവാണ് ഇന്ത്യന്‍ നാണയം നേരിട്ടത്. ബുധനാഴ്ച വ്യാപാരം അവസാനിച്ചപ്പോള്‍ 71.28 എന്ന നിലയിലായിരുന്നു ഇന്ത്യന്‍ രൂപയുടെ മൂല്യം. രാവിലെ 71.38 എന്ന നിലയിലായിരുന്നു വ്യാപാരം തുടങ്ങിയപ്പോഴുളള രൂപയുടെ മൂല്യം.

ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ ഇടിവുളള മേഖലകള്‍ക്ക് ജിഎസ്ടി നിരക്കുകളില്‍ ഇളവുകള്‍ നല്‍കാനുളള തീരുമാനവും ഓട്ടോമൊബൈല്‍ വ്യവസായത്തിന്‍റെ ഇടിവ് മറികടക്കാനുളള ശ്രമങ്ങളും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായെങ്കിലും അവ വിപണിയില്‍ ഗുണം ചെയ്യുന്നില്ലെന്നാണ് മൂല്യത്തകര്‍ച്ച നില്‍കുന്ന സൂചനകള്‍. പ്രതിസന്ധി മറികടക്കാന്‍ അതിര്‍ത്തിക്ക് പുറത്തേക്കുളള വ്യാപാരം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ശ്രമങ്ങള്‍ തുടരുകയാണ്. 

പത്ത് വര്‍ഷ കാലവധിയുളള സര്‍ക്കാര്‍ കടപത്രങ്ങളുടെ നിരക്കില്‍ കുറവുണ്ടായി. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിച്ചപ്പോള്‍ 6.634 ശതമാനമായിരുന്ന നിരക്ക് ഇന്ന് 6.6.02 ശതമാനത്തിലേക്ക് താഴ്ന്നു. 

ഇന്ത്യന്‍ ഓഹരി വിപണിയിലും ഇന്ന് നഷ്ടക്കണക്കുകളുടെ ദിനമാണ്. രാവിലെ സെന്‍സെക്സ് 0.38 ശതമാനം ഇടിഞ്ഞ് 37,168.66 ലേക്ക് എത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും ഇടിവ് ദൃശ്യമാണ്.   
 

Latest Videos
Follow Us:
Download App:
  • android
  • ios