ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ കൂടി; വിപണിയിലേക്ക് വീണ്ടും നിക്ഷേപം ഒഴുകുന്നു
ആറ് കറൻസികളുടെ ബാസ്ക്കറ്റിനെതിരെ ഡോളർ സൂചിക 0.38 ശതമാനം ഇടിഞ്ഞ് 97.96 ലെത്തി.
മുംബൈ: ശക്തമായ ആഭ്യന്തര ഇക്വിറ്റി മാർക്കറ്റുകളുടെയും നിയന്ത്രണങ്ങൾ ലഘൂകരിക്കാനുളള സർക്കാർ തീരുമാനത്തിന്റെയും പിന്തുണയോടെ യുഎസ് ഡോളറിനെതിരെ രൂപ ഇന്ന് കുത്തനെ ഉയർന്നു. യുഎസ് ഡോളറിന് 75.35 എന്ന നിരക്കിലായിരുന്നു വ്യാപാരത്തിന്റെ തുടക്കത്തിൽ രൂപയുടെ മൂല്യം.
75.29 എന്ന നിരക്കിലേക്ക് വരെ പിന്നീട് രൂപയുടെ മൂല്യം ഉയർന്നു. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിച്ചപ്പോൾ ഇത് 75.62 എന്ന നിലയിലായിരുന്നു. സമീപകാല വ്യാപാരത്തിൽ രൂപ 75.47 എന്ന മൂല്യത്തിലാണ്. ആറ് കറൻസികളുടെ ബാസ്ക്കറ്റിനെതിരെ ഡോളർ സൂചിക 0.38 ശതമാനം ഇടിഞ്ഞ് 97.96 ലെത്തി.
നാലാം ദിവസവും വിപണിയിൽ വ്യാപാര നേട്ടം റിപ്പോർട്ട് ചെയ്തു, സെൻസെക്സ് 1,000 പോയിൻറുകൾ മുകളിലേക്ക് കയറി. ജൂൺ എട്ട് മുതൽ മാളുകളും റെസ്റ്റോറന്റുകളും ആരാധനാലയങ്ങളും തുറക്കാൻ അനുവദിച്ചുകൊണ്ട് ഘട്ടംഘട്ടമായി ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കാനുളള സർക്കാർ തീരുമാനമാണ് നേട്ടത്തിന് പ്രധാനകാരണം.
താൽക്കാലിക വിനിമയ കണക്കുകൾ പ്രകാരം വെള്ളിയാഴ്ച 1,460.71 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതോടെ വിദേശ സ്ഥാപന നിക്ഷേപകരുടെ സ്വാധീനം മൂലധന വിപണിയിൽ വർധിച്ചു.