കുതിച്ചുയർന്ന് പ്രത്യക്ഷ നികുതി വരുമാനം; കോർപറേറ്റ് നികുതി വരവിൽ 16.7% വളർച്ച
രാജ്യത്തിന്റെ പ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ വർധന. 24 ശതമാനം ആണ് ഏപ്രിൽ ഒന്നിന് ആരംഭിച്ച നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെയുള്ള നികുതി വരുമാനത്തിലെ വർധന
ദില്ലി: രാജ്യത്തിന്റെ പ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ വർധന. 24 ശതമാനം ആണ് ഏപ്രിൽ ഒന്നിന് ആരംഭിച്ച നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെയുള്ള നികുതി വരുമാനത്തിലെ വർധന. കോർപറേറ്റ് നികുതി വരുമാനത്തിൽ 16.74 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
ഒക്ടോബർ എട്ട് വരെയുള്ളതാണ് കണക്കുകൾ. വ്യക്തിഗത ആദായ നികുതിയിൽ 32.30 ശതമാനം വർധനവുണ്ടായെന്നും ആദായ നികുതി വകുപ്പ് അറിയിക്കുന്നു. ഒക്ടോബർ എട്ട് വരെ 8.98 ലക്ഷം കോടി രൂപയാണ് പ്രത്യക്ഷ നികുതി വരുമാനം.
രാജ്യത്ത് കോർപറേറ്റ് കമ്പനികളുടെ വരുമാനത്തിൽ നിന്നും വ്യക്തിഗത വരുമാനത്തിൽ നിന്നും കേന്ദ്രം പിരിച്ചെടുക്കുന്ന നികുതിയാണ് പ്രത്യക്ഷ നികുതിയിൽ ഉൾപ്പെടുന്നത്. റീഫണ്ടുകൾ കിഴിച്ചപ്പോൾ ഇതുവരെയുള്ള പ്രത്യക്ഷ നികുതി വരുമാനം 7.45 കോടി രൂപയാണ്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 16.3 ശതമാനം മുകളിലാണ്.
നികുതി വരുമാനമാണ് ഒരു രാജ്യത്തെ സാമ്പത്തിക പ്രവർത്തനം എത്രത്തോളം ശക്തമാണെന്ന് ഉറപ്പിക്കുന്നതിനുള്ള പ്രധാന അളവുകോൽ. എന്നാൽ ഇത്തവണ ഇന്ത്യയിലുണ്ടായിരിക്കുന്ന പ്രത്യക്ഷ നികുതി വരുമാനത്തിലെ വർധന വ്യാവസായിക ഉൽപ്പാദനത്തിലും കയറ്റുമതിയിലും മന്ദത നേരിട്ട ശേഷമാണെന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്.
Read more: വാഴത്തണ്ടിൽ കെട്ടി പ്ലാസ്റ്റിക് കവറിലാക്കി, നദിയിലൂടെ ഒഴുകി ബംഗ്ലാദേശിലേക്ക് 317 ഫോണുകൾ!
അതേസമയം, ഇന്ത്യ വളര്‍ച്ചാ നിരക്ക് ഈ വര്‍ഷം കുറയുമെന്ന് ലോകബാങ്ക്. നേരത്തെ കണക്കാക്കിയ ഏഴര ശതമാനത്തില്‍ നിന്നും ആറര ശതമാനമായി വളര്‍ച്ചകുറയുമെന്ന് ലോക ബാങ്കിന്‍റെ ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളെക്കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. യുക്രൈന്‍ യുദ്ധവും ലോകമെങ്ങുമുള്ള നാണയപ്പെരുപ്പവുമാണ് ഇന്ത്യൻ സാമ്പത്തിക വളര്‍ച്ച കുറയാനുളള കാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യ 8.7 ശതമാനം വളർച്ചയാണ് കൈവരിച്ചത്. നേരത്തെ പ്രതീക്ഷതിലും കുറവായിരിക്കും വളര്‍ച്ചാ നിരക്കെന്ന് ലോകബാങ്ക് പറയുന്നു.