ക്രൂഡ് ഓയിൽ നിരക്ക് 50 ഡോളറിന് മുകളിൽ: വാക്സിൻ പ്രതീക്ഷകളിൽ മുന്നേറി ഏഷ്യൻ വിപണികൾ; യുഎസ് വിപണിയിൽ സമ്മർദ്ദം
വ്യാപാര ആഴ്ചയിൽ സെൻസെക്സ് 2.2 ശതമാനവും നിഫ്റ്റി 1.9 ശതമാനവും നേട്ടം കരസ്ഥമാക്കി.
ധനകാര്യം, എണ്ണ- പ്രകൃതി വാതകം, മെറ്റൽ, എഫ്എംസിജി ഓഹരികളിൽ ആരോഗ്യകരമായ വാങ്ങിയിടൽ പ്രവർത്തനത്തിന് ആഭ്യന്തര ഇക്വിറ്റി വിപണി ഇന്ന് സാക്ഷ്യം വഹിച്ചു. ബിഎസ്ഇ സെൻസെക്സ് 46,099 പോയിന്റിലേക്ക് ഉയർന്നു. (139 പോയിൻറ് അഥവാ 0.3 ശതമാനം നേട്ടം) എൻ എസ് ഇയുടെ നിഫ്റ്റി 36 പോയിൻറ് അഥവാ 0.26 ശതമാനം നേട്ടത്തോടെ 13,514 ലേക്ക് കയറി.
പകൽ സമയത്ത്, സെൻസെക്സ് 46,309.63 എന്ന റെക്കോർഡ് ഉയരത്തിൽ എത്തിയിരുന്നു. നിഫ്റ്റി എക്കാലത്തെയും ഉയർന്ന നിരക്കായ 13,579.35 ലേക്കും എത്തി. വ്യാപാര ആഴ്ചയിൽ സെൻസെക്സ് 2.2 ശതമാനവും നിഫ്റ്റി 1.9 ശതമാനവും നേട്ടം കരസ്ഥമാക്കി.
ക്രൂഡ് ഓയിൽ നിരക്ക് ഉയർന്നതിനെ തുടർന്ന്, സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ, പ്രകൃതി വാതക കമ്പനികളുടെ ഓഹരികൾ വെള്ളിയാഴ്ച നടന്ന വ്യാപാരത്തിൽ ബി എസ് ഇയിൽ 10 ശതമാനം വരെ നേട്ടത്തിനുടമകളായി. ഡിമാൻഡ് വീണ്ടെടുക്കലിനും കോവിഡ് -19 വാക്സിൻ പ്രതീക്ഷകളും അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് വില ഉയരാനിടയാക്കി. മാർച്ചിന് ശേഷം ആദ്യമായി ബാരലിന് 50 ഡോളറിന് മുകളിലേക്ക് നിരക്ക് ഉയർന്നു.
ബിഎസ്ഇയിൽ ഒഎൻജിസി ഓഹരികളുടെ മൂല്യം 5.68 ശതമാനം ഉയർന്ന് 96.80 രൂപയിൽ എത്തി.
വിശാലമായ വിപണിയിൽ, ബിഎസ്ഇ മിഡ്ക്യാപ്പ് സൂചിക 0.15 ശതമാനം ഉയർന്ന് 17,521 പോയിന്റിലും ബിഎസ്ഇ സ്മോൾക്യാപ്പ് സൂചിക 0.51 ശതമാനം ഉയർന്ന് 17,553 പോയിന്റിലും എത്തി.
എൻഎസ്ഇയിലെ മേഖലാ സൂചികകളിൽ നിഫ്റ്റി മെറ്റൽ ഓഹരികളാണ് ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചത്. മെറ്റൽ സൂചിക ഒരു ശതമാനം ഉയർന്ന് 3,146 ലെവലിൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി ഫാർമ 0.6 ശതമാനം ഇടിഞ്ഞ് 12,366 ലേക്കും എത്തി.
ആഗോള വിപണികൾ സൂചനകൾ
കൊവിഡ് -19 വാക്സിനുകളുടെ പുരോഗതിയിൽ നിക്ഷേപകരുടെ വികാരം അനുകൂലമായതോടെ ഏഷ്യൻ ഓഹരികൾ വെള്ളിയാഴ്ച ഉയർന്നു. എന്നാൽ, തന്ത്രപരമായ ബ്രെക്സിറ്റ് ചർച്ചകളും യുഎസ് ഉത്തേജക ചർച്ചകളും നിക്ഷേപകരുടെ ഇടയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
വാൾസ്ട്രീറ്റിൽ, ഡൗ ജോൺസ് വ്യാവസായിക ശരാശരി 0.23 ശതമാനവും എസ് ആന്റ് പി 500 ന് 0.13 ശതമാനവും നാസ്ഡാക്ക് കോമ്പോസിറ്റ് 0.54 ശതമാനവും താഴേക്ക് പോയി.