'തിരിച്ചടിക്കും കട്ടായം'; അമേരിക്കയോട് വീണ്ടും ചൈന
വിപണി നയങ്ങളുടെ ലംഘനവും ദേശീയ സുരക്ഷയ്ക്ക് മേലുള്ള അപമാനവുമാണ് അമേരിക്കയുടെ ഈ തീരുമാനമെന്നാണ് ചൈനീസ് വാണിജ്യ മന്ത്രാലയത്തിന്റെ പ്രതികരണം.
ബീജിങ്: ന്യൂയോർക്ക് സ്റ്റോക് എക്സ്ചേഞ്ചിൽ നിന്ന് മൂന്ന് ചൈനീസ് ടെലികോം കമ്പനികളെ ഡിലിസ്റ്റിങ് ചെയ്ത അമേരിക്കയുടെ നീക്കത്തിനെതിരെ തക്കതായ നടപടി സ്വീകരിക്കുമെന്ന് ചൈനീസ് ഭരണകൂടം. ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമിയുമായി രഹസ്യ ബന്ധങ്ങൾ ഉണ്ടെന്ന് ആരോപിച്ചാണ് മൂന്ന് ടെലികോം കമ്പനികൾക്കെതിരെ ന്യൂയോർക് സ്റ്റോക് എക്സ്ചേഞ്ച് നടപടിയെടുത്തത്.
ചൈന മൊബൈൽ, ചൈന യൂണികോം, ചൈന ടെലികോം എന്നീ കമ്പനികൾക്കെതിരെയാണ് നടപടി. ചൈനീസ് സൈന്യത്തിന് നിക്ഷേപമോ നിയന്ത്രണമോ ഉള്ള കമ്പനികളെ വിലക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശം നൽകിയിരുന്നു.
വിപണി നയങ്ങളുടെ ലംഘനവും ദേശീയ സുരക്ഷയ്ക്ക് മേലുള്ള അപമാനവുമാണ് അമേരിക്കയുടെ ഈ തീരുമാനമെന്നാണ് ചൈനീസ് വാണിജ്യ മന്ത്രാലയത്തിന്റെ പ്രതികരണം. ചൈന ശക്തമായ ഭാഷയിൽ തന്നെ പ്രതികരിച്ചതിനാൽ വരും ദിവസങ്ങളിൽ ഇരു രാജ്യങ്ങളും പരസ്പരം കൊമ്പുകോർക്കുമെന്നാണ് കരുതപ്പെടുന്നത്.