കേന്ദ്ര നയം മാറുന്നു! കമ്പനികളുടെ ലിസ്റ്റിംഗ് സംബന്ധിച്ച നിയമം മാറ്റിയെഴുതാൻ മോദി സർക്കാർ
പുതിയ നയം, വിദേശ സ്റ്റോക്ക് എക്സ്ചേഞ്ചുകളോട് മത്സരിക്കാനുളള ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ ശേഷി കുറയാൻ കാരണമായേക്കും.
രാജ്യത്ത് ലിസ്റ്റിംഗ് ചെയ്തിട്ടില്ലാത്ത ഇന്ത്യൻ കമ്പനികളെ വിദേശത്ത് ലിസ്റ്റുചെയ്യാൻ അനുവദിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. അഞ്ചാം ഘട്ട കൊവിഡ് പാക്കേജിന്റെ പ്രഖ്യാപന വേളയിലാണ് ധനമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഇതുവരെ, വിദേശത്ത് ലിസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ കമ്പനികൾ ആദ്യം ഇന്ത്യയിൽ ലിസ്റ്റ് ചെയ്യണമായിരുന്നു. അതിനുശേഷം മാത്രമേ അമേരിക്കൻ ഡിപോസിറ്ററി രസീതുകളോ ഗ്ലോബൽ ഡിപോസിറ്ററി രസീതുകളോ നൽകി വിദേശത്ത് ലിസ്റ്റ് ചെയ്യാൻ കഴിയുമായിരുന്നൊള്ളൂ. എന്നാൽ പുതിയ നയത്തോടെ ഈ രീതിക്ക് മാറ്റം വരും.
സെബി നിർദ്ദേശിച്ച ചട്ടക്കൂടിൽ, കമ്പനികൾക്ക് ശക്തമായ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നയങ്ങളുളള 10 വിദേശ അധികാരപരിധിയിൽ ലിസ്റ്റുചെയ്യാൻ കഴിയും, കൂടാതെ പുതിയ നിയമപ്രകാരം ഇവ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് സെക്യൂരിറ്റീസ് കമ്മീഷൻ (ഐഒഎസ്കോ), ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) എന്നിവയിലെ അംഗങ്ങളായിരിക്കണം. പുതിയ നിയമത്തിന്റെ ദുരപയോഗം തടയാനാണ് ഈ നിർദ്ദേശം.
പുതിയ നയം, വിദേശ സ്റ്റോക്ക് എക്സ്ചേഞ്ചുകളോട് മത്സരിക്കാനുളള ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ ശേഷി കുറയാൻ കാരണമായേക്കും. അതുപോലെ തന്നെ മികച്ച കമ്പനികൾ ഉയർന്ന മൂല്യനിർണ്ണയത്തിനായി വിദേശത്ത് ലിസ്റ്റുചെയ്യാനും ഇത് കാരണമാകും. ഇന്ത്യയിൽ ബിസിനസ്സ് എളുപ്പമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള മറ്റൊരു ഘട്ടത്തിൽ, സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ മാറ്റാൻ കഴിയാത്ത ഡിബഞ്ചറുകൾ ലിസ്റ്റുചെയ്യുന്ന സ്വകാര്യ കമ്പനികളെ ലിസ്റ്റുചെയ്തതായി പരിഗണിക്കില്ലെന്ന് സർക്കാർ അറിയിച്ചു.
വിദേശ വിപണികളിലെ ഇന്ത്യൻ കമ്പനികൾ, പ്രത്യേകിച്ച് നവയുഗ കമ്പനികൾക്ക് ധനസമാഹരണത്തിന് ഇത് കൂടുതൽ സഹായകരമാകും. ഇന്ത്യയിൽ ലിസ്റ്റിംഗ് നിർബന്ധമാകില്ല, ആഗോള വിപണികളിൽ നിന്ന് മൂലധനം സമാഹരിക്കാനും മികച്ച മൂല്യനിർണ്ണയം നേടാനും ആഗ്രഹിക്കുന്ന കമ്പനികൾക്ക് ഇത് വലിയ ആശ്വാസമാകും. റെഗുലേറ്ററി ആൻഡ് ടാക്സ് സൊല്യൂഷൻസ് സ്ഥാപനമായ ട്രാൻസാക്ഷൻ സ്ക്വയറിന്റെ സ്ഥാപകൻ ഗിരീഷ് വാൻവാരി ലൈവ് മിന്റിനോട് പറഞ്ഞു.