വിപണിയെ കൊറോണയില്‍ നിന്ന് രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു; കുതിപ്പ് പ്രകടിപ്പിച്ച് ഓഹരി വിപണി
ഫാര്‍മ, ടെക്സ്റ്റൈല്‍സ്, കെമിക്കല്‍സ് ഓട്ടോ, പെയിന്‍റ്സ്, ടെലികോം തുടങ്ങിയ മേഖലകളിലെ വ്യാപാര പ്രതിനിധികളുമായും ഫിക്കി, സിഐഐ, അസോച്ചം തുടങ്ങിയ വ്യാപാര സംഘടനാ പ്രതിനിധികളുമായും ധനമന്ത്രി വിഷയം ചര്‍ച്ച ചെയ്തു.
മുംബൈ: കൊറോണയില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയെ രക്ഷിക്കാനുളള ശ്രമങ്ങളുടെ ഭാഗമായി വിപണി ഇടപെടലുകള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നലെ ധനമന്ത്രി വിഷയം ചര്‍ച്ച ചെയ്യാന്‍ സെക്രട്ടറിതല യോഗവും വ്യവസായ -ധനകാര്യ രംഗത്തെ പ്രതിനിധികളെയുടെ പ്രത്യേക യോഗവും വിളിച്ചു ചേര്‍ത്തു.
യോഗത്തില്‍ ചൈനയില്‍ നിന്നുളള അസംസ്കൃത വസ്തുക്കളുടെ വരവ് സംബന്ധിച്ച പ്രതിസന്ധികള്‍ യോഗം വിലയിരുത്തി. ഉല്‍പ്പന്നങ്ങളുടെയും അസംസ്കൃത വസ്തുക്കളുടെയും വരവിലുണ്ടാകുന്ന കുറവ് പരിഹരിക്കാന്‍ മറ്റ് രാജ്യങ്ങളെയോ സമാന്തര സംവിധാനങ്ങളോ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ മന്ത്രാലയ സെക്രട്ടറിമാരെ യോഗം ചുമതലപ്പടുത്തി.
ഫാര്‍മ, ടെക്സ്റ്റൈല്‍സ്, കെമിക്കല്‍സ് ഓട്ടോ, പെയിന്‍റ്സ്, ടെലികോം തുടങ്ങിയ മേഖലകളിലെ വ്യാപാര പ്രതിനിധികളുമായും ഫിക്കി, സിഐഐ, അസോച്ചം തുടങ്ങിയ വ്യാപാര സംഘടനാ പ്രതിനിധികളുമായും ധനമന്ത്രി വിഷയം ചര്‍ച്ച ചെയ്തു. യോഗത്തില്‍ വ്യാപാര പ്രതിനിധികള്‍ അവരുടെ ആശങ്കകള്‍ പങ്കുവച്ചു. സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് പ്രതിസന്ധി പരിഹാരത്തിന് പൂര്‍ണപിന്തുണ ധനമന്ത്രി ഉറപ്പുനല്‍കി.
ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഇടപെടല്‍ ധനമന്ത്രി ഉറപ്പുനല്‍കിയതോടെ ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നാല് ദിവസത്തെ തളര്‍ച്ചയ്ക്ക് ശേഷം വലിയ മുന്നേറ്റമുണ്ടായി. ഏഷ്യന്‍ വിപണികളിലുണ്ടായ മുന്നേറ്റമാണ് പ്രധാനമായും ഇന്ത്യന്‍ ഓഹരി വിപണികളെയും സ്വാധീനിച്ചത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് ആദ്യ റിപ്പോര്‍ട്ടുകള്‍ പ്രകാരം 400 പോയിന്‍റ് ഉയര്‍ന്ന് 41,309.67 പോയിന്‍റിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും മുന്നേറ്റം പ്രകടമാണ്. നിഫ്റ്റി 120 പോയിന്‍റ് ഉയര്‍ന്ന് 12,111.20 എന്ന നിലയിലാണിപ്പോള്‍ വ്യാപാരം മുന്നേറുന്നത്. ഫിനാന്‍ഷ്യല്‍, ഊര്‍ജ്ജ, ഓട്ടോമൊബൈല്‍, ഫാര്‍മ ഓഹരികളിലുണ്ടായ മുന്നേറ്റമാണ് പ്രധാനമായും ഇന്ത്യന്‍ വിപണികളെ തുണച്ചത്.
കൊറോണ വൈറസ് ബാധ മൂലം സമ്പദ്‍വ്യവസ്ഥയ്ക്കുണ്ടാകുന്ന ആഘാതം എത്രയെന്ന് ഇപ്പോള്‍ പറായനാകില്ലെന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടു. പ്രതിസന്ധിക്ക് പരിഹാരമായതിന് ശേഷം മാത്രമേ ആഘാതത്തിന്‍റെ വ്യാപ്തി പൂര്‍ണമായി അളക്കാനാകുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.