തുടക്കത്തില്‍ കസറി അരാംകോ, ഇത് സ്വപ്ന തുല്യമായ കുതിപ്പ്; റിയാദ് വിപണിയെ അതിശയിപ്പിച്ച് എണ്ണ ഉല്‍പാദക ഭീമന്‍
അരാംകോ റിയാദ് സ്റ്റോക്ക് മാര്‍ക്കറ്റില്‍ എത്തിയതോടെ സൗദിയുടെ ഓഹരി വിപണി ലോകത്തിന്‍റെ നെറുകളിലേക്ക് കുതിച്ചു.
റിയാദ്: പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് ലഭിച്ചതിനേക്കാള്‍ മൂല്യം വര്‍ധിപ്പിച്ച് സൗദി എണ്ണ കമ്പനിയായ അരാംകോയുടെ വിപണി പ്രവേശനം. എണ്ണ ഉൽപാദകന്‍റെ വിപണി മൂല്യം റെക്കോർഡിലേക്ക് നിലവാരത്തിലേക്ക് ഉയര്‍ന്നു. അരാംകോയുടെ മൂല്യം 1.88 ട്രില്യൺ ഡോളറിലേക്ക് ഉയര്‍ന്നതോടെ സൗദി അറേബ്യയുടെ ഓഹരി വിപണി ലോകത്തിലെ ആദ്യ പത്ത് സ്ഥാനങ്ങളിലൊന്ന് കരസ്ഥമാക്കി.
വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ അരാംകോയുടെ മൂല്യത്തില്‍ 10 ശതമാനത്തിന്‍റെ വര്‍ധനയുണ്ടായി. സൗദി സമയം രാവിലെ 10.30 ന് മൂല്യം 35.20 റിയാലിലേക്ക് കുതിച്ചുയര്‍ന്നു. നേരത്തെ അരാംകോ എക്കാലത്തെയും വലിയ ഐപിഒയിൽ 25.6 ബില്യൺ ഡോളർ സമാഹരിച്ചു. പ്രാഥമിക ഓഹരി വില്‍പ്പനയില്‍ 32 റിയാൽ നിരക്കിലാണ് ഓഹരികൾ വിറ്റഴിച്ചത്. കമ്പനിയുടെ മൂല്യം 1.7 ട്രില്യൺ ഡോളറായിരുന്നു, മൈക്രോസോഫ്റ്റ് കോർപ്പറേഷനെയും ആപ്പിളിനെയും മറികടന്ന് ഏറ്റവും വിലപ്പെട്ട ലിസ്റ്റുചെയ്ത കമ്പനിയായി ഇതോടെ അരാംകോ മാറുകയും ചെയ്തു.
അരാംകോ റിയാദ് സ്റ്റോക്ക് മാര്‍ക്കറ്റില്‍ എത്തിയതോടെ സൗദിയുടെ ഓഹരി വിപണി ലോകത്തിന്‍റെ നെറുകളിലേക്ക് കുതിച്ചു. അരാംകോ എത്തിയതോടെ ഓഹരി വിപണിയുടെ വിപണി വലുപ്പം 340 ശതമാനം വര്‍ധിച്ചു. ഈ ലിസ്റ്റിംഗിലൂടെ, ലോകത്തിലെ ഏറ്റവും മൂല്യമുള്ള സ്ഥാപനമായി (1.88 ട്രില്യൺ ഡോളർ) സൗദി അരാംകോ മാറി. ലോകത്തെ ഒമ്പതാമത്തെ ഏറ്റവും വലിയ ഓഹരി വിപണിയാണ് ഇപ്പോള്‍ സൗദി അറേബ്യ.