മുഖ്യമന്ത്രിക്കെതിരായി 'മസാല ബോണ്ട്' ആരോപണങ്ങള്‍; എന്താണ് ഈ മസാല ബോണ്ട്?
തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷം ആയുധമാക്കുകയാണ് മസാല ബോണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യം വച്ചാണ് പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍.
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷം ആയുധമാക്കുകയാണ് മസാല ബോണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യം വച്ചാണ് പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍. മസാല ബോണ്ടുകള്‍ വാങ്ങിയ സിഡിപിക്യു കമ്പനിയും ലാവ്‍ലിനും തമ്മില്‍ ബന്ധമുണ്ടെന്നും ആരോപിച്ച് വിഷയം ചര്‍ച്ചയാക്കുകയാണ് പ്രതിപക്ഷം. എന്നാല്‍ എന്താണീ മസാല ബോണ്ട്. അങ്ങനെയൊരു സംശയം പലര്‍ക്കുമുണ്ടാകാം.
ഇതാണ് മസാല ബോണ്ട്!
രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ രൂപയില്‍ തന്നെ ബോണ്ട് ഇറക്കി പണം സമാഹരിക്കുന്നതാണ് മസാല ബോണ്ടുകള്‍. രൂപയില്‍ ബോണ്ട് ഇറക്കുന്നതിനാല്‍ പണം സ്വീകരിക്കുന്നവരെ വിനിമയ നിരക്കിലെ വ്യത്യാസം ബാധിക്കില്ല.
ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപങ്ങള്‍ക്കാണ് മുഖ്യമായും മസാല ബോണ്ട് വഴി കടമെടുക്കുന്നത്. രൂപയുടെ മൂല്യമിടിഞ്ഞാലുള്ള നഷ്ടം കിഫ്ബി പോലെ ബോണ്ട് ഇറക്കുന്നവരെ ബാധിക്കില്ല.
നിക്ഷേപകരാണ് നഷ്ടം സഹിക്കേണ്ടി വരിക. എന്നാൽ നല്ല റേറ്റിംഗുള്ള ഏജൻസികൾ മസാല ബോണ്ട് ഇറക്കിയാൽ സാധാരണ ലാഭസാധ്യത മുന്നിൽ കണ്ട് കമ്പനികൾ നിക്ഷേപം നടത്താറുണ്ട്. ഇന്ത്യയിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച റേറ്റിംഗോടെയാണ് കിഫ്ബി മസാല ബോണ്ടുകൾ പുറത്തിറക്കിയത്. ഇത് വഴി 2150 കോടി രൂപ സമാഹരിക്കുകയും ചെയ്തു.