സംവത് 2076 ന് വിട, നേട്ടത്തിലേക്ക് ഉയർന്ന് ഇന്ത്യൻ വിപണി: 'ബൈഡൻ ഇഫക്ടിൽ' കുതിച്ച് ഏഷ്യൻ ഓഹരികൾ; ക്രൂഡിൽ ഇടിവ്
ഹിന്ദു കലണ്ടർ പ്രകാരം പുതുവർഷം ആരംഭിക്കുന്ന ദിവസമായ നാളെ വൈകിട്ട് മുഹൂർത്ത വ്യാപാരം നടക്കും.
സംവത് 2076 ന്റെ അവസാന വ്യാപാര ദിനമായിരുന്ന ഇന്ന് ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. എസ് ആന്റ് പി ബിഎസ്ഇ സെൻസെക്സ് ഇന്ന് 86 പോയിന്റ് അഥവാ 0.2 ശതമാനം ഉയർന്ന് 43,443 ലെവലിൽ എത്തി. ഇന്നത്തെ നേട്ടത്തോടെ, സംവത് 2076 ൽ സൂചിക 10.68 ശതമാനം ഉയർന്നു. പകൽ വ്യാപാരത്തിൽ ഇടയ്ക്ക് വിപണി നഷ്ടത്തിലേക്ക് വീണിരുന്നെങ്കിലും അവസാന മണിക്കൂറുകളിൽ തിരികെ കയറി.
എൻ എസ് ഇയുടെ നിഫ്റ്റി വെള്ളിയാഴ്ചത്തെ സെഷൻ 12,720 ന് അവസാനിച്ചു, 29 പോയിന്റ് അഥവാ 0.23 ശതമാനമാണ് നേട്ടം. ഇന്ത്യ VIX 4.5 ശതമാനം ഇടിഞ്ഞ് 19.7 ലെത്തി. ആഴ്ച അവലോകനത്തിൽ, സെൻസെക്സും നിഫ്റ്റിയും 3.7 ശതമാനം വീതം നേട്ടം കൈവരിച്ചു.
വിശാലമായ വിപണിയിൽ എസ് ആന്റ് പി ബിഎസ്ഇ മിഡ്ക്യാപ്പ് സൂചിക 0.86 ശതമാനം ഉയർന്ന് 15,876 ലെവലിലെത്തി. എസ് ആന്റ് പി ബിഎസ്ഇ സ്മോൾക്യാപ്പ് സൂചിക ഒരു ശതമാനത്തിലധികം ഉയർന്ന് 15,639 പോയിന്റിലെത്തി. സെക്ടർ അടിസ്ഥാനത്തിൽ, നിഫ്റ്റി എഫ്എംസിജിയും നിഫ്റ്റി മീഡിയയും ഒഴികെയുള്ള എല്ലാ സൂചികകളും ഇന്ന് പോസിറ്റീവ് ട്രെൻഡ് പ്രകടിപ്പിച്ചു.
ആഗോള വിപണി സൂചനകൾ
അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ അരിസോണയിൽ വിജയിക്കുമെന്ന പ്രവചന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ഏഷ്യൻ ഓഹരികൾ വെള്ളിയാഴ്ച നേട്ടമുണ്ടാക്കി. യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകളും ഉയർന്നു.
പാൻ-റീജിയൻ യൂറോ സ്റ്റോക്സ് 50 ഫ്യൂച്ചറുകൾ 0.67 ശതമാനവും ജർമ്മൻ ഡാക്സ് ഫ്യൂച്ചറുകൾ 0.6 ശതമാനവും എഫ് ടി എസ് ഇ ഫ്യൂച്ചറുകൾ 1.1 ശതമാനവും താഴേക്ക് എത്തി.
കമ്മോഡിറ്റി വിപണിയിൽ, എണ്ണവിലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇടിവ് രേഖപ്പെടുത്തി. ആഗോള സമ്പദ് വ്യവസ്ഥയിലെ വീണ്ടെടുക്കലിനെക്കുറിച്ചുളള ആശങ്കകളും കൊവിഡ് -19 അണുബാധകൾ കാരണം ഇന്ധന ആവശ്യകത കുറയുമെന്ന തരത്തിലുളള റിപ്പോർട്ടുകളും ക്രൂഡ് വിപണിയിൽ സമ്മർദ്ദം വർധിപ്പിച്ചു.
മുഹൂർത്ത വ്യാപാരം നാളെ
ഹിന്ദു കലണ്ടർ പ്രകാരം പുതുവർഷം ആരംഭിക്കുന്ന ദിവസമായ നാളെ വൈകിട്ട് മുഹൂർത്ത വ്യാപാരം നടക്കും. സംവത് 2077 ന്റെ ആദ്യ ദിനമായ നാളെ വൈകിട്ട് 06.15 മുതൽ 07.15 വരെ ഒരു മണിക്കൂർ നിണ്ടുനിൽക്കുന്നതാണ് മുഹൂർത്ത വ്യാപാരം. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും നാളെ മുഹൂർത്ത വ്യാപാരത്തിന് അവസരമൊരുക്കുന്നുണ്ട്.
മുഹൂർത്ത വ്യാപാരത്തിന് ശേഷം അടയ്ക്കുന്ന ഇന്ത്യൻ ഓഹരി വിപണികൾ പിന്നെ ചൊവ്വാഴ്ച മാത്രമേ തുറക്കുകയുള്ളൂ. ഞായറാഴ്ച പതിവ് അവധിയും തിങ്കളാഴ്ച ദീപാവലി ബലിപ്രതിപദ പ്രമാണിച്ചുളള പതിവ് അവധിയുമായിരിക്കും. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് 1957 മുതലും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് 1992 മുതലും മുഹൂർത്ത വ്യാപാരത്തിന് വേദിയൊരുക്കുന്നുണ്ട്. ഹിന്ദു കലണ്ടർ പ്രകാരം ശുഭദിനമായി കരുതുന്ന സംവത് 2077 ന്റെ ആദ്യ ദിനത്തിലെ വ്യാപാര നേട്ടം വർഷാവസാനം വരെ ആവർത്തിക്കും എന്നതാണ് വിശ്വാസം. അതിന്റെ അടിസ്ഥാനത്തിലാണ് മുഹൂർത്ത വ്യാപാരം സംഘടിപ്പിക്കുന്നത്.