വിദ്യാകിരണം മിഷൻ: കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസ മേഖലയിൽ വികസനമുന്നേറ്റം; നാളെ 53 സ്‌കൂളുകളുടെ ഉദ്ഘാടനം

വിദ്യാകിരണം മിഷന്റെ ഭാഗമായി ഫെബ്രുവരി 10ന് സംസ്ഥാനത്തെ 53 സ്‌കൂളുകൾ അടിസ്ഥാനസൗകര്യ-ഭൗതിക വികസനം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യപ്പെടുകയാണ്

53 schools Inauguration tomorrow in public education sector of kerala

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഭൗതിക സൗകര്യ വികസനത്തിൽ വലിയ കുതിച്ചുചാട്ടമാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നമ്മുടെ പൊതുവിദ്യാലയങ്ങളുടെ മുഖഛായ തന്നെ മാറ്റിമറിച്ച ഈ വികസനപ്രക്രിയയുടെ ഫലമായി രാജ്യാന്തരനിലവാരത്തിലേക്ക് നമ്മുടെ സ്‌കൂളുകൾ ഉയർന്നു കഴിഞ്ഞു. ഇതിന്‍റെ തുടർച്ച സർക്കാർ ഇപ്പോഴും ഉറപ്പുവരുത്തുകയാണ്. വിദ്യാകിരണം മിഷന്റെ ഭാഗമായി ഫെബ്രുവരി 10ന് സംസ്ഥാനത്തെ 53 സ്‌കൂളുകൾ അടിസ്ഥാനസൗകര്യ-ഭൗതിക വികസനം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. ഇതിൽ കിഫ്ബി ധനസഹായത്തോടെ പൂർത്തിയായ പദ്ധതികൾക്ക് പുറമേ പ്ലാൻ ഫണ്ട്,എം.എൽ.എ ഫണ്ട്, നബാർഡ് എന്നിവ വഴി പൂർത്തിയാക്കിയവയും ഉൾപ്പെടുന്നു.

കൈറ്റ്,വാപ്‌കോസ്,ഇൻകെൽ,കില എന്നിവയാണ് ഈ പദ്ധതികളുടെ നിർവഹണ ഏജൻസികൾ. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളിലായി നാലു സ്‌കൂളുകളാണ് കിഫ്ബിയുടെ 5 കോടി പദ്ധതിയിൽ ഉൾപ്പെടുത്തി വികസനം പൂർത്തിയാക്കിയത്. കൈറ്റ് ആണ് ഈ പദ്ധതികളുടെ നിർവഹണ ഏജൻസി(എസ്പിവി). അരുവിക്കരം,പട്ടാമ്പി,ഷൊർണൂർ,കൊണ്ടോട്ടി എന്നീ നിയോജകമണ്ഡലങ്ങളിലാണ് ഈ സ്‌കൂളുകൾ.

കിഫ്ബിയുടെ 3 കോടി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ 10 സ്‌കൂളുകളുടെ ഉദ്ഘാടനവും ഫെബ്രുവരി പത്തിന് നടക്കും. ഇതിൽ തൃശൂർ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ സ്‌കൂളുകൾ ഉൾപ്പെടുന്നു. ചേലക്കര, കോതമംഗലം, മഞ്ചേരി, കൊണ്ടോട്ടി, കോഴിക്കോട് സൗത്ത്, നിലമ്പൂർ, വേങ്ങര, സുൽത്താൻ ബത്തേരി, കൽപ്പറ്റ എന്നീ നിയോജകമണ്ഡലങ്ങളിലായാണ് ഈ സ്‌കൂളുകൾ. കണ്ണൂർ ജില്ലയിലെ തലശേരി,പയ്യന്നൂർ നിയോജക മണ്ഡലങ്ങളിൽ ആയാണ് കിഫ്ബിയുടെ ഒരു കോടി പദ്ധതിയിൽ പെടുത്തി നിർമാണം പൂർത്തിയാക്കി രണ്ടു സ്‌കൂളുകളുടെ ഉദ്ഘാടനം നിർവഹിക്കപ്പെടുക.

ഇതിനു പുറമേ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ 34 സ്‌കൂളുകളുടെയും എം.എൽ.എ, നബാർഡ് ഫണ്ടുകളിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ മൂന്നു സ്‌കൂളുകളുടെയും ഉദ്ഘാടനം അന്നേദിവസം നിർവഹിക്കപ്പെടും. ഇതിനു പുറമേ വയനാട്, എറണാകുളം ജില്ലകളിലായി പ്ലാൻ ഫണ്ടിലുൾപ്പെടുത്തി നിർമിക്കുന്ന രണ്ടു സ്‌കൂളുകളിലെ നിർമാണപ്രവൃത്തികൾക്കും അന്നേ ദിവസം തറക്കല്ലിടും.

Latest Videos
Follow Us:
Download App:
  • android
  • ios