KIIFB : കേരള വികസനത്തിന് 44 പുതിയ പദ്ധതികൾ; 6943.37 കോടി രൂപ അനുവദിച്ച് കിഫ്ബി

ആകെ 70,762.05 കോടി രൂപയുടെ 962 പദ്ധതികൾക്കാണ് കിഫ്ബി ഇതുവരെ അംഗീകാരം നല്‍കിയിട്ടുള്ളത്

44 new projects for Kerala development; 6943.37 crore has been sanctioned by KIIFB

തിരുവനന്തപുരം: കേരള വികസനത്തിനായുള്ള 44 പുതിയ പദ്ധതികൾക്ക് കിഫ്ബി ധനാനുമതി നൽകി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന കിഫ്ബിയുടെ (KIIFB) 43 ാമത് ബോർഡ്  യോഗത്തിൽ 6943.37 കോടി രൂപയാണ് പുതിയ പദ്ധതികൾക്കായി അനുവദിച്ചത്. ഇതോടെ ആകെ 70,762.05 കോടി രൂപയുടെ 962 പദ്ധതികൾക്കാണ് കിഫ്ബി ഇതുവരെ അംഗീകാരം നല്‍കിയിട്ടുള്ളത്.

ഇന്ന് നടന്ന ജനറൽ ബോഡി യോഗത്തിലും ഇന്നലെ നടന്ന എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിലുമായി പൊതുമരാമത്ത് വകുപ്പിന് കീഴിൽ 4397.88 കോടി രൂപയുടെ 28 പദ്ധതികൾക്കും, ജലവിഭവ വകുപ്പിന് കീഴിൽ 273.52 കോടി രൂപയുടെ 4 പദ്ധതികൾക്കും, ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിൽ 392.14 കോടി രൂപയുടെ 7 പദ്ധതികൾക്കും, വെസ്റ്റ്കോസ്റ്റ് കനാൽ വിപുലീകരണത്തിന് 3 പദ്ധതികളിലായി 915.84 കോടി രൂപയുടെ പദ്ധതിക്കും, കൊച്ചി ബാംഗ്ളൂർ വ്യവസായ ഇടനാഴിയുടെ ഭാഗമായി എറണാകുളം അയ്യമ്പുഴയിൽ ഗിഫ്റ്റ് (ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ട്രേഡ്) സിറ്റിയുടെ സ്ഥലമേറ്റെടുപ്പിനായി 850 കോടി രൂപയുടെ  പദ്ധതിയ്ക്കും, ആയുഷ് വകുപ്പിനു കീഴിൽ കീഴിൽ IRIAയുടെ രണ്ടാം ഘട്ട സ്ഥലമേറ്റെടുപ്പിനായി 114 കോടി രൂപയുടെ  പദ്ധതിയ്ക്കും അനുമതി നൽകിയിട്ടുണ്ട്.

ഇത്തവണ ധനാനുമതി നൽകിയ പ്രധാന പദ്ധതികൾ

ആനക്കാംപൊയിൽ - കല്ലാടി– മേപ്പാടി ടണൽ റോഡ് നിർമ്മാണം – 2134.50 കോടി രൂപ
വെസ്റ്റ്കോസ്റ്റ്  കനാൽ വിപുലീകരണം (മാഹി - വളപട്ടണം സ്ട്രെച്ച്, കോവളം - ആക്കുളം സ്ട്രെച്ച്, നീലേശ്വരം - ബേക്കൽ സ്ട്രെച്ച് എന്നിവയ്ക്കുവേണ്ടിയുള്ള സ്ഥലമേറ്റെടുപ്പിനായി) - 915.84 കോടി രൂപ
ഗിഫ്റ്റ് (ഗ്ലോബൽ  ഇൻഡസ്ട്രിയൽ ഫിനാൻസ് ട്രേഡ്) സിറ്റി - 850 കോടി രൂപ
ആലുവ – മൂന്നാർ റോഡ് നവീകരണം – സ്ഥലമേറ്റെടുപ്പിനായി 653.06 കോടി രൂപ
കിഴക്കേക്കോട്ട - മണക്കാട് (അട്ടക്കുളങ്ങര)  ഫ്‌ളൈഓവർ സ്ഥലമേറ്റെടുക്കൽ -95.28 കോടി രൂപ
തിരുവനന്തപുരം  പേരൂർക്കട ഫ്ളൈഓവർ നിർമ്മാണം (മുൻപ് അനുമതി നൽകിയ സ്ഥലമേറ്റെടുപ്പ് തുകയായ 43.29 കോടി രൂപയ്ക്ക് പുറമേ)- 50.67 കോടി രൂപ
മലയോര ഹൈവേ, ചെറങ്ങനാൽ - നേരിയമംഗലം സ്‌ട്രെച്ച് നവീകരണം - 65.57 കോടി രൂപ
ആലപ്പുഴ ജില്ലയിലെ   തീരദേശ മേഖലകളായ ഒറ്റമശേരി, കാട്ടൂർ - പൊള്ളത്തായി, കക്കാഴം, നെല്ലാണിക്കൽ  എന്നിവിടങ്ങളിലെ പുലിമുട്ട് നിർമാണത്തിനും തീരദേശ സംരക്ഷണത്തിനുമായി 78.34 കോടി രൂപ
കാസർകോട് ഗവ.മെഡിക്കൽ കോളജ് വികസനം - 31.70 കോടി രൂപ
കോഴഞ്ചേരി ജില്ലാ ആശുപത്രി വികസനം - 30.35 കോടി രൂപ
റാന്നി താലൂക്ക് ആശുപത്രി വികസനം - 15.60 കോടി രൂപ
(15.02.2022 ന് അനുമതി നൽകിയ പദ്ധതികളുടെ പട്ടിക (Annexure 1 & Annexure 2) ഇതോടൊപ്പം ചേർക്കുന്നു).
സംസ്ഥാനത്തെ വൻകിട അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി റോഡുകൾ, പാലങ്ങൾ, ഐ.ടി, വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ള വിതരണം, ഇറിഗേഷൻ, ഗതാഗതം, ടൂറിസം, കായികം, വിദ്യാഭ്യാസം, ഊർജ്ജം തുടങ്ങിയ വിവിധ മേഖലകളിലെ പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകിക്കഴിഞ്ഞു.  ഇത്തരത്തിൽ   50,762.05 കോടി രൂപയുടെ 955 അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കും 20,000 കോടി രൂപയുടെ ലാൻഡ് അക്വിസിഷൻ പൂളിൽ ഉൾപ്പെടുത്തി ഏഴ് പദ്ധതികൾക്കും ധനാനുമതി നൽകിയിട്ടുണ്ട്.   അങ്ങനെ 70,762.05 കോടി രൂപയുടെ 962 പദ്ധതികൾക്കാണ് കിഫ്ബി എക്‌സിക്യുട്ടിവ് / ബോർഡ് യോഗങ്ങളിൽ  നാളിതുവരെ  അനുമതി നൽകിയിട്ടുള്ളത്. മേഖല തിരിച്ചുള്ള വിശദാംശം പട്ടികയിൽ (Annexure 3) കാണാവുന്നതാണ്.
അംഗീകാരം നൽകിയ പദ്ധതികളിലേക്കായി നാളിതുവരെ  17,052.89 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.  4,428.94 കോടി രൂപയുടെ പദ്ധതികൾ പൂർത്തീകരിക്കാൻ കിഫ്ബിയ്ക്ക് സാധിച്ചിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios