ഇന്ത്യന്‍ വിനോദ സഞ്ചാര ഭൂപടത്തില്‍ കേരളത്തിന്‍റെ സ്ഥാനമെന്ത്?; കണക്കുകള്‍ കഥപറയും
2017 ല്‍ രാജ്യം സന്ദര്‍ശിച്ച വിദേശ ടൂറിസ്റ്റുകളെ സംബന്ധിച്ച കണക്കുകള്‍ പ്രകാരം, ഇന്ത്യയിലെത്തിയ വിദേശ ടൂറിസ്റ്റുകള്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിച്ച സംസ്ഥാനം സംസ്ഥാനം മഹാരാഷ്ട്രയാണ്. ആകെ ഇന്ത്യയിലെത്തിയ സഞ്ചാരികളുടെ 18.9 ശതമാനം മഹാരാഷ്ട്ര സന്ദര്‍ശിച്ചു. 18.1 ശതമാനം സഞ്ചാരികളോടെ രണ്ടാം സ്ഥാനത്ത് തമിഴ്നാടും.
കൊച്ചി: രാജ്യത്തെ വിനോദ സഞ്ചാര രംഗത്ത് കേരളത്തിന്‍റെ സ്ഥാനത്തെ സംബന്ധിച്ച് പലപ്പോഴും വലിയ ചര്‍ച്ചകള്‍ നടക്കാറുണ്ട്. ഇന്ത്യന്‍ വിനോദ സഞ്ചാര രംഗത്ത് വിവിധ സംസ്ഥാനങ്ങളുടെ വിഹിതം എത്രമാത്രം പ്രസക്തമാണെന്നതിനെ കുറിച്ച് ഈയിടെ ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ നിന്ന് രാജ്യത്തെ വിനോദ സഞ്ചാര മേഖലയിലെ കേരളത്തിന്‍റെ വിഹിതത്തെപ്പറ്റി വിശദമായി മനസ്സിലാക്കാം.
2017 ല്‍ രാജ്യം സന്ദര്‍ശിച്ച വിദേശ ടൂറിസ്റ്റുകളെ സംബന്ധിച്ച കണക്കുകള്‍ പ്രകാരം, ഇന്ത്യയിലെത്തിയ വിദേശ ടൂറിസ്റ്റുകള്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിച്ച സംസ്ഥാനം സംസ്ഥാനം മഹാരാഷ്ട്രയാണ്. ആകെ ഇന്ത്യയിലെത്തിയ സഞ്ചാരികളുടെ 18.9 ശതമാനം മഹാരാഷ്ട്ര സന്ദര്‍ശിച്ചു. 18.1 ശതമാനം സഞ്ചാരികളോടെ രണ്ടാം സ്ഥാനത്ത് തമിഴ്നാടും. ഇന്ത്യയിലെത്തിയ 13.2 ശതമാനം വിദേശ സഞ്ചാരികള്‍ പോയത് ഉത്തര്‍പ്രദേശ് കാണാനാണ്. കേരളത്തിലെത്തിയത് ആകെ സഞ്ചാരികളുടെ 4.1 ശതമാനം മാത്രവും.
സ്വദേശികളായ വിനോദ സഞ്ചാരികളുടെ കണക്കില്‍ പക്ഷേ തമിഴ്നാടാണ് ഒന്നാം സ്ഥാനത്ത്. ആകെ സഞ്ചാരികളുടെ 20.9 ശതമാനം തമിഴ്നാട് സന്ദര്‍ശിച്ചു. രണ്ടാം സ്ഥാനം ഉത്തര്‍പ്രദേശിനാണ്, 14.2 ശതമാനം സഞ്ചാരികള്‍. മൂന്നാം സ്ഥാനം കര്‍ണ്ണാടകയ്ക്കും (10.9%). കേരളത്തിന്‍റെ സാന്നിധ്യം ഈ പട്ടികയില്‍ ആദ്യ പത്തില്‍ പോലും ഇല്ല.
വിദേശ സഞ്ചാരികള്‍ സന്ദര്‍ശിച്ച പ്രധാന പത്ത് സ്മാരകങ്ങളില്‍ കേരളത്തില്‍ നിന്ന് മട്ടാഞ്ചേരി പാലസ് മ്യൂസിയത്തെ മാത്രമാണ് ഇക്കണോമിക് ടൈംസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2016 ല്‍ 77,634 വിദേശ വിനോദ സഞ്ചാരികള്‍ മട്ടാഞ്ചേരി പാലസ് മ്യൂസിയം സന്ദര്‍ശിച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെയും കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെയും കണക്കുകളെ അടിസ്ഥാനമാക്കിയാണ് ഇക്കണോമിക് ടൈംസ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
2016 ല്‍ വിദേശ വിനോദ സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിച്ച സ്മാരകം താജ്മഹലാണ്. ഏകദേശം നാല് ലക്ഷം പേരാണ് താജ്മഹല്‍ സന്ദര്‍ശിച്ചത്. ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതും താജ്മഹല്‍ തന്നെയാണ്. മൊത്തം 40,97,897 ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ താജ്മഹല്‍ സന്ദര്‍ശിച്ചു. 2016 ലെ വിവരങ്ങള്‍ പ്രകാരം താജ്മഹലില്‍ നിന്ന് 2016 ല്‍ 18 കോടി രൂപ ടിക്കറ്റ് വില്‍പ്പനയിലൂടെ മാത്രം ലഭിച്ചു. ഇക്കണോമിക് ടൈംസിന് വേണ്ടി രുക്മിണി ശ്രീനിവാസനാണ് ഇന്ത്യന്‍ വിനോദ സഞ്ചാര മേഖലയെ സംബന്ധിച്ച ഈ വിശദ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.