പൊതു തെരഞ്ഞെടുപ്പ്: പുതുവര്‍ഷത്തില്‍ ഓഹരി വിപണി ആശങ്കയില്‍
2018 ല്‍ ഇന്ത്യന്‍ കമ്പനികള്‍ മൊത്തമായി ഓഹരി, കടപ്പത്ര വിപണിയില്‍ നിന്ന് ആറ് ലക്ഷം കോടിക്കടുത്ത് സമാഹരിച്ചു. വിപണിയില്‍ പലപ്പോഴും ഉണ്ടായ അസ്ഥിരത കമ്പനികളുടെ നേട്ടത്തില്‍ 30 ശതമാനത്തോളം കുറവ് വരുത്തിയതായാണ് വിലയിരുത്തുന്നത്.
മുംബൈ: രാജ്യത്തെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി രൂപപ്പെടുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ പുതുവര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ ഇന്ത്യന്‍ ഓഹരി വിപണിയുടെ പ്രതീക്ഷകള്‍ക്ക് കരിനിഴല്‍ വീഴ്ത്തുന്നു. ആദ്യ പകുതിയിലെ ഫണ്ട് സമാഹരണ ശ്രമങ്ങളെ രാഷ്ട്രീയ അനിശ്ചിതത്വം പ്രതിസന്ധിയിലാക്കിയേക്കുമെന്ന തോന്നലാണ് വിപണിയെ ആശങ്കയിലാക്കുന്നത്.
എന്നാല്‍, 2019 ന്‍റെ രണ്ടാം പകുതിയോടെ മൊത്തത്തിലുളള നിക്ഷേപാന്തരീക്ഷം ശുഭകരമാകുമെന്നും വിപണി നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നു. അതോടെ മൂലധന സമാഹരണവും ശക്തിപ്രാപിക്കും. 2018 ല്‍ ഇന്ത്യന്‍ കമ്പനികള്‍ മൊത്തമായി ഓഹരി, കടപ്പത്ര വിപണിയില്‍ നിന്ന് ആറ് ലക്ഷം കോടിക്കടുത്ത് സമാഹരിച്ചു. വിപണിയില്‍ പലപ്പോഴും ഉണ്ടായ അസ്ഥിരത കമ്പനികളുടെ നേട്ടത്തില്‍ 30 ശതമാനത്തോളം കുറവ് വരുത്തിയതായാണ് വിലയിരുത്തുന്നത്.
കോര്‍പ്പറേറ്റുകളുടെ ബിസിനസ് ആവശ്യങ്ങള്‍ക്കായുളള ഫണ്ട് സമാഹരണത്തില്‍ ഇപ്പോഴും മുന്‍ഗണന കടപ്പത്ര (ഡെബ്റ്റ്) വിപണിക്കാണെന്നാണ് ഔദ്യോഗിക വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഇന്ത്യന്‍ കമ്പനികള്‍ സമാഹരിച്ച 5.9 ലക്ഷം കോടി രൂപയില്‍ 5.1 ലക്ഷം കോടിയും കണ്ടെത്തിയത് കടപ്പത്ര വിപണിയില്‍ നിന്നായിരുന്നു. ഓഹരി വിപണിയില്‍ നിന്ന് 78,500 കോടി രൂപ മാത്രമാണ് കമ്പനികള്‍ സമാഹരിച്ചത്.