രൂപയുടെ മൂല്യത്തകര്‍ച്ച; കടം കയറി ഇന്ത്യക്കാരുടെ നടുവൊടിയും
എസ്ബിഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷിന്‍റെ അഭിപ്രായത്തില്‍ രൂപയുടെ മൂല്യമിടിയലിനൊപ്പം ക്രൂഡിന്‍റെ വിലവര്‍ദ്ധന കൂടി വന്നതോടെ ഇറക്കുമതിക്കായി 45,700 കോടി രൂപ ഇന്ത്യയ്ക്ക് അധികമായി ചെലവിടേണ്ടി വരുന്നു.
എണ്ണ ഇറക്കുമതി മാത്രമല്ല രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ ഇന്ത്യക്കാര്‍ക്ക് തലവേദന. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ വിഭാഗം തങ്ങളുടെ പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടതോടെ രാജ്യം പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന മറ്റൊരു പ്രതിസന്ധിയെക്കൂടി ഇപ്പോള്‍ തിരിച്ചറിയുന്നു. 70,000 കോടി രൂപയുടെ അധിക ബാധ്യത ഇന്ത്യക്കരുടെ പോക്കറ്റ് ചോര്‍ത്താന്‍ പോകുന്നുവെന്നതാണ് സ്റ്റേറ്റ് ബാങ്ക് പഠനം.
രൂപയുടെ മൂല്യത്തില്‍ ഈ വര്‍ഷം 11 ശതമാനത്തിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയത്. രൂപയുടെ മൂല്യം ഡോളറിനെതിരെ 72 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് വരെ എത്തി നില്‍ക്കുന്നു. ഇതിനോടൊപ്പം ക്രൂഡിന്‍റെ വില ശരാശരി ബാരലിന് 76 ഡോളറിന് മുകളിലാണ് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് വില്‍പ്പന നടക്കുന്നത്. ലോകത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യയ്ക്ക് ഇതോടെ ഇറക്കുമതി ചെലവായി നഷ്ടപ്പെടുന്നത് കോടികള്‍.
എസ്ബിഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷിന്‍റെ അഭിപ്രായത്തില്‍ രൂപയുടെ മൂല്യമിടിയലിനൊപ്പം ക്രൂഡിന്‍റെ വിലവര്‍ദ്ധന കൂടി വന്നതോടെ ഇറക്കുമതിക്കായി 45,700 കോടി രൂപ ഇന്ത്യയ്ക്ക് അധികമായി ചെലവിടേണ്ടി വരുന്നു.
ഇന്ത്യന്‍ കമ്പനികളുടെ വിദേശവായ്പയും വിദേശ ഇന്ത്യാക്കാരുടെ നിക്ഷേപവും ചേര്‍ന്ന് ഇന്ത്യക്കാര്‍ തിരിച്ചടയ്ക്കേണ്ട തുക ഏകദേശം 21,760 കോടി ഡോളര്‍ വരുമെന്നാണ് 2017 ലെ കണക്കുകള്‍. രൂപയുടെ മൂല്യം 65.1 ല്‍ നിന്നാല്‍ 2018 ന്‍റെ രണ്ടാം പകുതിയില്‍ തിരിച്ചടയ്ക്കേണ്ട തുക ഏകദേശം 7.1 ലക്ഷം കോടിയാണ്. എന്നാല്‍ ഇപ്പോള്‍ രൂപയുടെ ഡോളറിനെതിരായുളള മൂല്യം 71.4 ആയിരിക്കുമ്പോള്‍ തിരിച്ചടയ്ക്കേണ്ട തുക 7.8 ലക്ഷം കോടിയാവും.
അതായത്, 70,000 കോടി രൂപയുടെ അധിക ബാധ്യത രൂപയുടെ മൂല്യത്തകര്‍ച്ച മൂലം തിരിച്ചടവില്‍ മാത്രം ഇന്ത്യക്കാരുടെ ചുമലിലേക്ക് വരും. ഇതിന് പുറമേയാവും ഇന്ധന ഇറക്കുമതി അധിക ബാധ്യതയായി 45,700 കോടി രൂപയും രാജ്യത്തെ തേടിയെത്തുക.