പൊതു തെരഞ്ഞെടുപ്പ് മുതല്‍ ഡോളര്‍ വരെ: രൂപ എന്തുകൊണ്ട് പ്രതാപം വീണ്ടെടുക്കുന്നില്ല
2018 ന്‍റെ അവസാനമാസങ്ങളില്‍ രൂപയുടെ മൂല്യത്തില്‍ വിനിമയ വിപണിയില്‍ വന്‍ ഇടിവ് ദൃശ്യമായിരുന്നു. ഈ വര്‍ഷം രൂപയുടെ മൂല്യത്തില്‍ ഇതുവരെ മൂന്ന് ശതമാനത്തിന്‍റെ ഇടിവുണ്ടായതായി എന്‍ഡിടിവി പ്രോഫിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വിനിമയ വിപണിയില്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം നിലവില്‍ 71 നും താഴെയാണ്. ഇന്ത്യന്‍ നാണയത്തിന്‍റെ മൂല്യത്തില്‍ തൂടരുന്ന ഈ ഇടിവ് രാജ്യത്തിന്‍റെ സമ്പദ്‍ഘടനയ്ക്കും ഇറക്കുമതിയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്കും സൃഷ്ടിക്കുന്ന ആഘാതവും ആശങ്കകളും വലുതാണ്.
ഡോളറിനെതിരെ രൂപയുടെ മൂല്യം 70 ന് താഴേക്ക് എത്താന്‍ ഇനിയും സമയമെടുക്കുമെന്നാണ് വിപണി നിരീക്ഷകരുടെ പക്ഷം. രാജ്യത്ത് നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിനെ സംബന്ധിച്ച ആശങ്കകളും ഡോളറിന്‍റെ മുന്നേറ്റവും ഇന്ത്യന്‍ നാണയത്തിന് മുകളില്‍ സമ്മര്‍ദ്ദം ശക്തമാകാന്‍ കാരണമായിട്ടുണ്ട്.
2018 ന്‍റെ അവസാനമാസങ്ങളില്‍ രൂപയുടെ മൂല്യത്തില്‍ വിനിമയ വിപണിയില്‍ വന്‍ ഇടിവ് ദൃശ്യമായിരുന്നു. ഈ വര്‍ഷം രൂപയുടെ മൂല്യത്തില്‍ ഇതുവരെ മൂന്ന് ശതമാനത്തിന്‍റെ ഇടിവുണ്ടായതായി എന്‍ഡിടിവി പ്രോഫിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ ഇടക്കാല ബജറ്റിന് ശേഷം ഒരു ശതമാനത്തിന്‍റെ ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായത്. ഇടക്കാല ബജറ്റിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പണപ്പെരുപ്പമുണ്ടാകാനുളള സാധ്യത കൂടിയതാണ് ഇതിന് കാരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
രാജ്യത്തെ ധനകമ്മിയില്‍ വലിയ വര്‍ധനവ് എന്ന ആശങ്കയും വിനിമയ വിപണിയില്‍ രൂപയ്ക്ക് വെല്ലുവിളിയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ ധനകമ്മി നടപ്പ് സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടതിന്‍റെ 112.4 ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. 2018 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുളള ഒമ്പത് മാസക്കാലളവില്‍ 7.01 ലക്ഷം കോടി രൂപയായാണ് ധനകമ്മി ഉയര്‍ന്നത്. സാമ്പത്തിക വര്‍ഷത്തിന്‍റെ ശേഷിക്കുന്ന മൂന്ന് മാസത്തെ കൂടി കണക്കുകള്‍ പുറത്ത് വരുന്നതോടെ ധനകമ്മിയില്‍ വന്‍ വര്‍ധനവ് ഉണ്ടായേക്കും.
2019 മാര്‍ച്ച് 31 വരെയുളള സാമ്പത്തിക വര്‍ഷത്തെ ധനകമ്മി 6.24 ലക്ഷം കോടിയില്‍ ഒതുക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.
ഫെബ്രുവരി അഞ്ചിന് രൂപയുടെ മൂല്യത്തില്‍ മുന്നേറ്റം ദൃശ്യമായിരുന്നു. ഇന്നലെ രൂപയുടെ മൂല്യം 71.8 ല്‍ നിന്ന് 71.0 എന്ന നിലയിലേക്ക് മുന്നേറിയിരുന്നു. ക്രൂഡ് ഓയില്‍ നിരക്കില്‍ തുടരുന്ന ചാഞ്ചാട്ടവും ഇന്ത്യന്‍ രൂപയ്ക്ക് ഭീഷണിയാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് ഇന്ന് ബാരലിന് 61.80 ഡോളറാണ് നിരക്ക്.
നാളെ പുറത്ത് വരാനിരിക്കുന്ന റിസര്‍വ് ബാങ്കിന്‍റെ പണനയ അവലോകന യോഗ തീരുമാനങ്ങള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. ശക്തികാന്ത ദാസിന്‍റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ആദ്യ പണനയ അവലോകന യോഗത്തെ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ സമ്പദ്ഘടന വീക്ഷിക്കുന്നത്.