ഇന്ത്യന്‍ പ്രതിരോധ കൂട്ടുകെട്ടുകളില്‍ എല്‍ ആന്‍ഡ് ടിയ്ക്ക് അസന്തുഷ്ടി
- ഇന്ത്യയുടെ തന്ത്രപരമായ രാജ്യാന്തരകൂട്ടുകെട്ടുകള്‍ പ്രതിരോധ രംഗത്ത് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ തളര്‍ത്തുമെന്ന് എല്‍ ആന്‍ഡ് ടി അറിയിച്ചു.
ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ എഞ്ചിനീയറിംഗ് കമ്പനിയായ ലാര്‍സന്‍ ആന്‍ഡ് ടൂബുറോയ്ക്ക് (എല്‍ ആന്‍ഡ് ടി) ഇന്ത്യന്‍ സര്‍ക്കാരിന്‍റെ പ്രതിരോധ രംഗത്തെ വിദേശ കൂട്ടുകെട്ടുകളില്‍ അസന്തുഷ്ടി.
ഇന്ത്യയുടെ തന്ത്രപരമായ രാജ്യാന്തരകൂട്ടുകെട്ടുകള്‍ പ്രതിരോധ രംഗത്ത് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ തളര്‍ത്തുമെന്ന് എല്‍ ആന്‍ഡ് ടി അറിയിച്ചു. ഇന്ന് ലോകത്തെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഫൈറ്റര്‍ ജെറ്റുകള്‍ വിദേശകമ്പനികളുടെ സഹായത്തോടെ ഇന്ത്യയില്‍ നിര്‍മ്മിക്കാനുളള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം നല്ലതാണെന്നും എല്‍ ആന്‍ഡ് ടി മാനേജിംഗ് ഡയറക്ടര്‍ എസ്.എന്‍. സുബ്രമണ്യം പറഞ്ഞു.
ചെന്നൈയില്‍ നടന്ന 2018 ലെ പ്രതിരോധ എക്സ്പോയ്ക്കിടെയാണ് സുബ്രമണ്യം എല്‍ ആന്‍ഡ് ടിയുടെ നയം വ്യക്തമാക്കിയത്. ഫൈറ്റര്‍ ജെറ്റുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിലൂടെ ഈ രംഗത്ത് വന്‍ തൊഴില്‍ പുരോഗതി ഉണ്ടാവുമെന്നും ഈ രംഗത്ത് സാങ്കേതിക വിദ്യാ വികാസത്തിന് ഇത് വഴിതെളിക്കുമെന്നു അദ്ദേഹം അറിയിച്ചു.