ഇ-കൊമേഴ്സ് സൈറ്റുകളിൽ ഓഫർ ഉത്സവം
രാജ്യത്തെ ഇ-കൊമേഴ്സ് സൈറ്റുകളിൽ ഓഫർ ഉത്സവം. ഞായറാഴ്ച വരെ നീളുന്ന ഓഫർ വിൽപ്പനയിൽ നൂറ് ശതമാനം വിലക്കിഴിവ് വരെയാണ് വാഗ്ദാനം. തെരഞ്ഞെടുത്ത ഉപഭോക്താക്കൾ ഉത്പന്നങ്ങൾക്ക് അടുത്ത വർഷം പണം നൽകിയാലും മതി.
ഇ-കൊമേഴ്സ് സൈറ്റുകളിൽ ഓഫറുകളുടെ പൂരമാണ്. ഇലക്ട്രോണിക് ഉത്പന്നങ്ങൾക്കും മൊബൈൽ ഫോണുകൾക്കും മാത്രം നൽകിയിരുന്ന വന്പൻ ഓഫറുകൾ ഇത്തവണ ഗൃഹോപകരണങ്ങൾക്കും ഫർണിച്ചറുകൾക്കും ലഭ്യം. പതിവുപോലെ ഫ്ലിപ്കാർട്ടും അമേരിക്കൻ ഭീമൻ ആമസോണുമാണ് ഓഫർ പൂരത്തിൽ ഏറ്റുമുട്ടുന്നത്. അൺബോക്സ് ദീവാലി സെയിൽ ഓഫറുമായി സ്നാപ്ഡീലും ഒപ്പമുണ്ട്. ഇവരെ പിടിച്ച് കിട്ടാൻ 100 ശതമാനം വിലക്കിഴിവെന്ന ഓഫറുമായി പേടിഎമും ഇത്തവണ രംഗത്തുണ്ട്. കാഷ്ബാക്കാണ് പേടിഎമ്മിന്‍റെ ഹൈലൈറ്റ്. ഞായറാഴ്ച വരെയാണ് ഫ്ലിപ്കാർട്ടിന്‍റെ ദി ബിഗ് ബില്യൺ ഡെയ്സ് ഓഫർ വിൽപ്പന. ആമസോണിന്‍റെ ഗ്രേന്‍റ് ഇന്ത്യൻ ഫെസ്റ്റിവലും 24വരെ തുടരും. തിങ്കളാഴ്ച വരെയാണ് സ്നാപ്ഡീലിന്‍റെ ഓഫർ ഉത്സവം.
മൊബൈൽ ഫോണുകൾക്ക് തന്നെയാണ് ഇത്തവണയും ഡിമാൻഡ്. ആപ്പിൾ ഐഫോണിനും സാംസങ് ഗാലക്സി സീരീസുമെല്ലാം മികച്ച ഓഫറുകൾ നൽകുന്നു. ചില കന്പനികൾ ഓഫർ കാലത്ത് പ്രോത്യക മോഡലുകൾ അവതരിപ്പിക്കുന്നുമുണ്ട്. ടി.വി, റഫ്രിജറേറ്റർ, എ.സി, വാഷിങ് മെഷീൻ, ഡിജിറ്റൽ ക്യാമറ എന്നിവയ്ക്കെല്ലാം 70 ശതമാനം വരെയാണ് ഡിസ്കൗണ്ട്. വസ്ത്രങ്ങൾക്കും അടുക്കള ഉത്പന്നങ്ങൾക്കും 70 ശതമാനം വരെ കിഴിവ് ലഭിക്കും. അഞ്ച് ദിവസത്തിനുള്ളിൽ 11,000 കോടിയോളം രൂപയുടെ വരുമാനമാണ് ഓഫർ വിൽപ്പനയിലൂടെ പ്രതീക്ഷിക്കുന്നത്.